സഹപാഠിയുടെ ജീവന്‍ രക്ഷിച്ച് അഞ്ചാം ക്ലാസുകാരന്‍ നാടിന് അഭിമാനമായി
തൃക്കരിപ്പൂര്‍: കുളത്തില്‍ മുങ്ങിയ സഹപാഠിയെ സാഹസികമായി രക്ഷപ്പെടുത്തി അഞ്ചാം ക്ലാസുകാരന്‍ നാടിന് അഭിമാനമായി. തൃക്കരിപ്പുരിലെ ഓട്ടോ തൊഴിലാളി എം അബൂബക്കറിന്റെയും നീലമ്പം തേളപ്പുറത്ത് ഖദീജയുടെ രണ്ടാമത്തെ മകനായ മര്‍സൂഖാണ് നീലമ്പം ഹൈദ്രോസ് മസ്ജിദ് കുളത്തിലെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുകയായിരുന്ന ബീരിച്ചേരിയിലെ ജാസിമിനെ രക്ഷപ്പെടുത്തിയത്. തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ മര്‍സൂഖ്, സുഹൈല്‍, ജാസിം എന്നിവര്‍ കുളത്തിലുള്ള മത്സ്യങ്ങളെ നോക്കുന്നതിനിടയിലാണ് ജാസിം കാല്‍ വഴുതി കുളത്തിലേക്ക് വീണത്. അല്‍പ സമയം കഴിഞ്ഞ് കാണാതായതോടെ മര്‍സൂഖ് കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതിനിടെ ജാസിം കുളത്തിനടിയിലെ ചെളിയ്യില്‍ അകപ്പെട്ട് രക്ഷപ്പെടാന്‍ കഴിയാത്ത വിധം അകപ്പെട്ടിരുന്നു. തലമുടി പിടിച്ച് മര്‍സൂഖ് രക്ഷപ്പെടുത്തുമ്പോള്‍ സഹപാഠികൂടിയായ സുഹൈലും സഹായത്തിനെത്തി. വെള്ളത്തില്‍ മുങ്ങിയവരെ മുടിയില്‍ പിടിച്ച് വലിക്കണമെന്ന പഴമക്കാരുടെ വാക്കുകളാണ് ഈ അഞ്ചാം ക്ലാസുകാരന്‍ പ്രാവര്‍ത്തീകമാക്കിയത്. ആന്ധ്ര സ്വദേശികളായ മന്‍സൂറിന്റെയും സറീനയുടെ മകനാണ് മര്‍സൂഖിനെ സഹായിച്ച സുഹൈല്‍. ഗാന്ധി ജയന്തി ദിനമായ ഇന്നലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരും മര്‍സൂഖിനെ ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ കീര്‍ത്തിമോന്‍ ഉപഹാരം കൈമാറി. പ്രധാന അധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍ അധ്യക്ഷനായി. അധ്യാപകരായ പി.വി അശോകന്‍, കെ ശ്രീനിവാസന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."