ക്ലീന്‍ കലക്ടറേറ്റ് പദ്ധതിക്കു തുടക്കം
കണ്ണൂര്‍: കലക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കുന്ന ക്ലീന്‍ കലക്ടറേറ്റ് പദ്ധതിക്കു തുടക്കമായി.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെയാണു ശുചീകരണം നടന്നത്.
കലക്ടറേറ്റ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവയാണ് നീക്കം ചെയ്തത്. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എ.ഡി.എം മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍, ശിരസ്തദാര്‍ കെ.കെ ദിവാകരന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. എ.ടി മനോജ്, ഡോ. എം.കെ ഷാജ് നേതൃത്വം നല്‍കി.
ഭാവിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഇന്നു മുതല്‍ കലക്ടറേറ്റില്‍ പ്ലാസ്റ്റിക് പ്ലേറ്റുകളും പേപ്പര്‍ ഗ്ലാസുകളും ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ ഓഫിസുകളിലും മൂന്നു വീതം പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ വേര്‍തിരിക്കും. പൊതുജനങ്ങള്‍ക്കുവേണ്ടി പൊതുബിന്നുകളും വെക്കും.
കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായി കെട്ടിടങ്ങള്‍ നവീകരിക്കുകയും വൃത്തിഹീനമായ ടോയ്‌ലെറ്റുകള്‍ ഉടന്‍ നവീകരിക്കുകയും ചെയ്യും. സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടത്തിനു മുമ്പിലുള്ള സ്ഥലത്ത് പൊതു ടോയ്‌ലറ്റ് കോംപ്ലക്‌സ്, എ.ടി.എം എന്നിവ സ്ഥാപിക്കാന്‍ നടപടിക്കു നിര്‍ദേശിച്ചിട്ടുണ്ട്.
ബാക്കി സ്ഥലം വൃത്തിയായി സംരക്ഷിക്കാന്‍ പൂന്തോട്ടം നിര്‍മിക്കാനും ആലോചനയുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ ലേബര്‍ ഓഫിസ് ജീവനക്കാര്‍ ഓഫിസും പരിസരവും ശുചിയാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്.എസ് യൂനിറ്റുകളുടെ സഹായത്തോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."