കഞ്ചാവ് വില്‍പനയ്ക്കായി വാട്‌സ് ആപ്പ് വഴി പുതിയ തന്ത്രം
പഴയങ്ങാടി: പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു വാട്‌സ് ആപ്പ് വഴി കഞ്ചാവ് വില്‍പന സജീവം. എലിയുടെ ചിത്രമാണ് കഞ്ചാവിനുള്ള കോഡായി ഉപയോഗിക്കുന്നത്. ആവശ്യക്കാരന്‍ വാട്‌സ് ആപ്പ് മെസേജിലൂടെ എലിയുടെ ചിത്രം അയക്കുകയാണ് ആദ്യപടി. വില്‍പനകാരന്റെ മൊബൈലില്‍ സന്ദേശമെത്തിയാല്‍ സാധനം ഉണ്ടെങ്കില്‍ ഒരു എലിയുടെ ചിത്രവും സ്ഥലവും അടങ്ങിയ സന്ദേശം തിരിച്ചയക്കും. ഉടന്‍ ആവശ്യക്കാര്‍ എത്തി സാധനം വാങ്ങി പെട്ടെന്നു കടന്നു പോവുകയാണ് ചെയ്യുന്നത്.
കച്ചവടം ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ചു വില്‍പനക്കാരന്‍ പലവേഷത്തിലും പ്രത്യക്ഷപ്പെടുമെന്നും പറയുന്നു. പുഴയ്ക്കരികിലോ ചെറിയ കനാലിനു സമീപത്തോ ആണെങ്കില്‍ ചൂണ്ടക്കാരന്റെ വേഷത്തിലായിരിക്കും വില്‍പനക്കാരന്‍ ഉണ്ടായിരിക്കുകയെന്നും ഇത്തരത്തില്‍ ആരുടെ ശ്രദ്ധയും പതിയാതെ കച്ചവടം പൊടിപൊടിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍പരിസരം, സുല്‍ത്താന്‍ കനാലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വില്‍പന സജീവമാണ്. മാടായിപ്പാറയില്‍ നിന്നു വയലപ്ര-അടുത്തില ഭാഗത്തേക്കു പോകുന്ന പോക്കറ്റ് റോഡിനു സമീപത്തും പുതിയങ്ങാടി ചൂട്ടാട് പാര്‍ക്ക് എന്നിവിടങ്ങളിലും ഇത്തരക്കാരെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ്.
പൊലിസ് ഇവരെ പിടികൂടാന്‍ സ്‌ക്വാഡ് പലതും രൂപീകരിച്ചിട്ടും ഇതിനെതിരേ ശക്തമായ ഇടപെടലിനു സാധിച്ചിട്ടില്ലെന്നാണു പരാതി ഉയരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും മുതിര്‍ന്ന വിദ്യാര്‍ഥികളും യുവാക്കളും ഇത്തരം കേന്ദ്രങ്ങളില്‍ കഞ്ചാവു വാങ്ങിക്കാനെത്തുന്നുണ്ടെന്നാണ് അറിവ്. ഏറ്റവും ചെറിയ ഒരു പൊതിക്ക് 500, 600 രൂപയാണ് ഈടാക്കുന്നത്.
പൊലിസ്, എക്‌സൈസ് വിഭാഗം ഇത്തരത്തിലുളള പ്രദേശങ്ങളിലും ഇതിന് അനുബന്ധമായ പ്രദേശങ്ങളിലും പട്രോളിംഗ് ശക്തമാക്കാണമെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."