അപകടമൊരുക്കി കഞ്ചിക്കോട് റെയില്‍വേസ്‌റ്റേഷന്‍ കവല
കഞ്ചിക്കോട്: കോയമ്പത്തൂര്‍ -പാലക്കാട് ദേശീയപാതയിലെ കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ജങ്ഷനില്‍ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടഭീഷണിയാകുന്നു. തിരക്കേറിയ ജങ്ഷനായിട്ടും സുരക്ഷയ്ക്കു മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപണം. കഴിഞ്ഞ ഒന്നരമാസത്തിനിടെ പതിനഞ്ചിലേറെ അപകടങ്ങള്‍ പ്രദേശത്തുണ്ടായി.
ആറുപേര്‍ മരണപ്പെടുകയും പത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരുവോണ ദിവസം ജങ്ഷനിലുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രാത്രിയിലും ഇവിടെ ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരുക്കേറ്റു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. ഇതിനു തൊട്ടു മുന്‍പുള്ള പ്രധാന ജങ്ഷനില്‍ സിഗ്നല്‍ സംവിധാനം ഉണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഉള്‍പ്പെടെ റോഡ് കടന്നുപോകുന്ന ഇവിടെ യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല.
നാലു ഭാഗത്തുനിന്നും വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറുന്നത് അപകടങ്ങള്‍ക്കും കൂടെ ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നുണ്ട്. പലപ്പോഴും പ്രദേശത്തുണ്ടാകുന്ന ഗതാഗത കുരുക്ക് ദേശീയപാത മുഴുവന്‍ സ്തംഭിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഗതാഗതനിയന്ത്രണത്തിന് പൊലിസ് സഹായം ലഭ്യമാക്കിയിരുന്നെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് ആരോപണം.
വാഹനങ്ങളുടെ അമിത വേഗത ഏതു നിമിഷവും അപകടത്തിനു വഴിയൊരുക്കും. റോഡ് മുറിച്ചു കടക്കുന്നതിന്റെ ശ്രദ്ധക്കുറവും കാല്‍നടയാത്രക്കാരെ അപകടത്തിലേക്ക് ചാടിക്കുന്നുണ്ട്. ദേശീയപാതയിലേക്ക് ചേരുന്ന റോഡുകളില്‍ വെളിച്ചം കുറവായതിനാല്‍ രാത്രി സമയത്ത് വാഹനങ്ങള്‍ മുന്നിലെത്തുന്നത് കാണാന്‍ കഴിയാറില്ല. പ്രദേശത്തു സിഗ്നല്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കി അപകടം കുറയ്ക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."