കല്ലാച്ചി അക്രമം; 21 കേസുകള്‍; അഞ്ഞൂറിലധികം പ്രതികള്‍
നാദാപുരം: യൂത്ത് ലീഗ് പ്രകടനത്തോടനുബന്ധിച്ച് അക്രമ സംഭവങ്ങള്‍ അരങ്ങേറിയ കല്ലാച്ചിയില്‍ ഇതുമായി ബന്ധപ്പെട്ട് 21 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി അഞ്ഞൂറിലധികം പ്രതികളാണുള്ളത്.
പൊതുമുതല്‍ നശിപ്പിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പൊലിസ് എടുത്ത കേസില്‍ മാത്രം നാനൂറോളം ആളുകള്‍ പ്രതിയാണ്. ഇതിനുപുറമെയാണ് വാഹനങ്ങള്‍ തകര്‍ത്തത്തിനും സംഘംചേര്‍ന്ന് അക്രമിച്ചതിനും വെട്ടിപ്പരുക്കേല്പ്പിച്ചതിനും കേസെടുത്തിരിക്കുന്നത്.
എല്ലാ കേസുകളിലും പൊലിസിന്റെ പ്രാഥമിക അന്വേഷണം നടന്നുവരികയാണ്. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തു. തെരുവംപറമ്പിലെ മുഹമ്മദ് ഷെഫീഖ്, കല്ലാച്ചി ചീറോത്തുമുക്കിലെമുള്ളന് കാട്ടില്‍ മുഹമ്മദ് ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പൊലിസ് അന്വേഷണം ആരംഭിച്ചതോടെ പ്രതിപ്പട്ടികയിലുള്ള പലരും വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
വളയം-നാദാപുരം സ്റ്റേഷന് പരിധിയിലാണ് അക്രമങ്ങള്‍ കൂടുതലും അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്നു പൊലിസ് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഇതിനാല്‍ വൈകിട്ട് ഏഴു കഴിയുന്നതോടെ നാദാപുരം കല്ലാച്ചി ടൗണുകളിലെ കടകളെല്ലാം അടഞ്ഞുകിടക്കും.
ഇന്നലെ മുതല്‍ സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭീതി വിട്ടുമാറിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."