ബി.ജെ.പി ദേശീയ സമ്മേളനം ഒരു ചലനവും ഉണ്ടാക്കിയില്ല: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനം ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അടുത്ത മാസം കോഴിക്കോട്ട് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ലീഗ് ഹൗസില്‍ നടന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളന നടത്തിപ്പ് ഇവന്റ്മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നതിന്റെ ഡെമോണ്‍സ്‌ട്രേഷനായിരുന്നു കോഴിക്കോട്ടു കണ്ടത്. സാധാരണക്കാര്‍ക്ക് ഗുണകരമായ സന്ദേശം നല്‍കുന്നതാകണം സമ്മേളനങ്ങള്‍. എന്നാല്‍ ബി.ജെ.പി സമ്മേളനത്തില്‍ അതുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വാശ്രയ കോളജുകളെ എതിര്‍ത്തവര്‍ അധികാരത്തില്‍ വന്നപ്പോള്‍ തോന്നിയപോലെ ഫീസ് കൂട്ടി വിദ്യാര്‍ഥികളെ ദ്രോഹിക്കുകയാണ്. സ്വാശ്രയ സ്ഥാപനങ്ങളില്‍ വന്‍തുക കോഴ വാങ്ങുന്നതിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് വാക്കും പ്രവൃത്തിയും രണ്ടാണെന്ന് തെളിയിച്ചു. ലക്ഷക്കണക്കിന് രൂപ ഫീസും കോഴയും കൊടുക്കുന്നവര്‍ക്ക് മാത്രം മെഡിക്കല്‍ പ്രവേശനം ലഭിച്ചാല്‍ മതിയെന്ന സമീപനമാണ് സര്‍ക്കാരിന്. മെഡിക്കല്‍ പ്രവേശനമെന്ന പാവപ്പെട്ട വിദ്യാര്‍ഥികളുടെ സ്വപ്നമാണ് സര്‍ക്കാര്‍ തകര്‍ക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചതിലൂടെ വിദ്യാഭ്യാസ രംഗത്ത് യു.ഡി.എഫ് നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികള്‍. യു.ഡി.എഫിന്റെ ദീര്‍ഘവീക്ഷണം ഇല്ലായിരുന്നുവെങ്കില്‍ പശ്ചിമ ബംഗാളിലെ പോലെ ഇവിടെയും വിദ്യാഭ്യാസ മേഖല മുരടിക്കുമായിരുന്നു. പിടിപ്പുകേടിന്റെ ഘോഷയാത്രകള്‍ ഇനിയും എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം. ഇതിനെ തുറന്നുകാട്ടാന്‍ യൂത്ത് ലീഗിനെ സജ്ജമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയ വന്‍ മുന്നേറ്റം ലീഗിന് അഭിമാനിക്കാവുന്നതാണ്. ഇപ്പോള്‍ കുട്ടികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെ പറയിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ലീഗിന്റെ നേട്ടം. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് മുന്നില്‍ ലീഗ് മുട്ടുമടക്കില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്തു നല്ല കാര്യം ചെയ്താലും അണികളുടെ പ്രവര്‍ത്തനം കൊണ്ട് അവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടും. നാദാപുരത്തെ സമാധാനം തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അവിടെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സി.പി.എമ്മിനൊപ്പം എസ്.ഡി.പി.ഐയുടെ നീക്കങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. അക്രമത്തെചെറുക്കാനുള്ള സംഘശക്തി ലീഗിനുണ്ട്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ഫാസിസ്റ്റ് സമീപനവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്കും ജനം തിരിച്ചടി നല്‍കും. വര്‍ഗീയ കാര്‍ഡിറക്കിയുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. കേരള രാഷ്ട്രീയത്തില്‍ ലീഗിന് അതിന്റേതായ ഇടമുണ്ട്. ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയാല്‍ യു.ഡി.എഫിലെ എല്ലാ പ്രശ്‌നവും തീരുമെന്ന വിലയിരുത്തല്‍ അഭിമാനാര്‍ഹമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറി എം.സി മായിന്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുസ് ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എന്‍.സി അബൂബക്കര്‍, യൂത്ത് ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ ഫിറോസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, നജീബ് കാന്തപുരം, കെ.ടി അബ്ദുറഹ്മാന്‍, കെ.കെ നവാസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."