ഐ.എസ്.എല്ലിനു പിന്നാലെ ഫിഫ അണ്ടര്‍ 17 ലോകകപ്പും ആരവങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയം ഒരുങ്ങി
കൊച്ചി: കല്‍പന്തുകളിയുടെ ആവേശത്തിനു സാക്ഷിയാകാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങി. ഐ.എസ്.എല്‍ മൂന്നാം സീസണ്‍ കൊച്ചിയിലെ ആദ്യ മത്സരം ഈ മാസം അഞ്ചാം തിയതി നടക്കും. ഐ.എസ്.എല്ലിന്റെ ഫേവറിറ്റ് സ്റ്റേഡിയമായി മാറിയിരിക്കുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയം അവസാന മിനുക്കുപണികളിലാണ്. ഐ.എസ്.എല്ലിനു പിന്നാലെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിനു കൂടി വേദിയാകാന്‍ കൊച്ചി ഒരുങ്ങുന്നത് ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയില്‍ മഞ്ഞപ്പടയ്ക്ക് പിന്തുണയേകാനുള്ള ഒരുക്കങ്ങളും സ്റ്റേഡിയത്തിലും പുറത്തും നടക്കുകയാണ്. ഗ്രൗണ്ടില്‍ പുല്ലു നിറയുകയായിരുന്നു സ്റ്റേഡിയം സജ്ജമാക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. പുല്ല് ഇളകി മാറാത്ത രീതിയില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മത്സരത്തിനാവശ്യമായ 25 മില്ലിമീറ്റര്‍ ഉയരത്തില്‍ പുല്ലു വളര്‍ന്നിട്ടുണ്ട്.
ഡ്രെയ്‌നേജ് സംവിധാനങ്ങളുടെ നിര്‍മാണവും സ്റ്റേഡിയവുമായി ബന്ധപ്പെട്ട അവസാന മിനുക്കു പണികളും പൂര്‍ത്തിയായെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തറും സെക്രട്ടറി പി അനില്‍കുമാറും വ്യക്തമാക്കി. സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. നല്ലൊരു പോരാട്ടത്തിന് സാക്ഷിയാകാന്‍ കലൂര്‍ സ്റ്റേഡിയം സജ്ജമായി കഴിഞ്ഞുവെന്നാണ് കെ.എഫ്.എ അവകാശപ്പെടുന്നത്. ഐ.എസ്.എല്‍ ടെക്‌നിക്കല്‍ കമ്മിറ്റി ഗ്രൗണ്ട് പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കി. അണ്ടര്‍ 17 ലോകകപ്പിനു കൂടി സജ്ജമാക്കുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഈ മാസം പകുതിയോടെ ഫിഫയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മുഴുവന്‍ പ്രതിനിധികളും സ്റ്റേഡിയത്തില്‍ എത്തും. ഇവരുടെ പരിശോധനയ്്ക്ക് ശേഷമാണ് ഫിഫ ലോകകപ്പ് വേദിയുടെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
അഞ്ചിനു നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം പോരാട്ടത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് എതിരാളികള്‍.
ഒന്‍പതിന് ഡല്‍ഹി ഡൈനാമോസിനെയും 14ു മുംബൈ സിറ്റി എഫ്.സിയുമായും ഏറ്റുമുട്ടും. നവംബര്‍ എട്ടിനു എഫ്.സി ഗോവയെ നേരിടുന്ന കേരളത്തിന്റെ കൊമ്പന്മാര്‍ നവംബര്‍ 12നു നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയെയും നവംബര്‍ 25നു എഫ്.സി പൂനെ സിറ്റിയുമായും പോരാടും. കൊച്ചിയിലെ അവസാന ഹോം മാച്ച് ഡിസംബര്‍ നാലിനു നോര്‍ത്ത്ഈസ്റ്റുമായിട്ടാണ്.
കഴിഞ്ഞ സീസണില്‍ ശരാശരി അറുപതിനായിരം കാണികള്‍ ഒഴുകിയെത്തിയ കൊച്ചി തന്നെയാണ് ഐ.എസ്.എല്ലിനു ഏറെ പ്രതീക്ഷ നല്‍കുന്ന സ്റ്റേഡിയവും.
കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് കൂടുതല്‍ കരുത്ത് കഴിഞ്ഞ രണ്ട് സീസണിലും ലഭിച്ചത് ഹോം ഗ്രൗണ്ടില്‍ നിന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."