ഒപ്പത്തിനൊപ്പം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത- ചെന്നൈയിന്‍ എഫ്.സി പോരാട്ടം 2-2നു സമനില
കൊല്‍ക്കത്ത: ചാംപ്യന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന ആവേശപ്പോരാട്ടം തുല്യത പാലിച്ചു. ഐ.എസ്.എല്ലില്‍ ഇന്നലെ ആദ്യ സീസണിലെ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയും ഏറ്റുമുട്ടിയ മത്സരം 2-2നു സമനില. കൊണ്ടും കൊടുത്തുമാണ് മത്സരം പുരോഗമിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായി വിരസമായപ്പോള്‍ രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. ആദ്യ ഗോള്‍ നേടി മുന്നില്‍ കടന്ന കൊല്‍ക്കത്തക്കെതിരേ മൂന്നു മിനുട്ടിനുള്ളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഞെട്ടിക്കാന്‍ ചെന്നൈയിന് സാധിച്ചു. എന്നാല്‍ കളി തീരാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കൊല്‍ക്കത്ത തങ്ങളുടെ മണ്ണിലെ ആദ്യ മത്സരം സമനിലയിലാക്കി. കൊല്‍ക്കത്തക്കായി ദൗതി, ഇയാന്‍ ഹ്യൂം എന്നിവരും ചെന്നൈയിനായി ജയേഷ് റാണ, മുള്‍ഡര്‍ എന്നിവരും വല ചലിപ്പിച്ചു.
ആദ്യ പകുതി ഗോള്‍രഹിതമായി കടന്നുപോയപ്പോള്‍ രണ്ടാം പകുതിയുടെ 59ാം മിനുട്ടില്‍ സമീഗ് ദൗതിയിലൂടെ അത്‌ലറ്റിക്കോയാണ് ലീഡ് നേടിയത്. ഹെല്‍ഡല്‍ പോസ്റ്റിഗയുടെ പാസില്‍ നിന്നാണ് ദൗതിയുടെ ഗോള്‍ പിറന്നത്. മറുപടിക്കായി ആക്രമണം കടുപ്പിച്ച ചെന്നൈയിന് അതിന്റെ ഫലം താമസിയാതെ അനുഭവിക്കാന്‍ സാധിച്ചു. 66ാം മിനുട്ടില്‍ ജയേഷ് റാണ ചെന്നൈയിനെ ഒപ്പമെത്തിച്ചു. സൂപ്പര്‍ താരം ജെജെ ലാല്‍പെഖുലെയാണ് ഗോളിനു വഴിയയൊരുക്കിയത്. മൂന്നു മിനുട്ടിനുള്ളില്‍ ഹന്‍സ് മുള്‍ഡറിലൂടെ ചെന്നൈയിന്‍ ലീഡെടുത്തു. ഡുഡുവിന്റെ അസിസ്റ്റിലാണ് മുള്‍ഡറുടെ ഗോള്‍ പിറന്നത്.
സമനില പിടിക്കാനുള്ള ശ്രമം ഇതോടെ കൊല്‍ക്കത്ത ശക്തമാക്കി. ഗോള്‍ വഴങ്ങാതെ ചെന്നൈയിന്‍ പ്രതിരോധം കടുപ്പിച്ചു. എന്നാല്‍ 85ാം മിനുട്ടില്‍ ചെന്നൈയിന്‍ താരം ജെറി, ദൗതിയെ ബോക്‌സില്‍ വീഴ്ത്തിയതിനു കൊല്‍ക്കത്തനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഇയാന്‍ ഹ്യൂമിനു പിഴച്ചില്ല. ആവേശകരമായ മത്സരം അങ്ങനെ കൊല്‍ക്കത്തന്‍ കരുത്തര്‍ രക്ഷിച്ചെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."