ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരല്ലേ...
പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഭരണപക്ഷത്തുള്ള എം. രാജഗോപാലന് ഓര്‍മവരുന്നത് അയ്യപ്പപ്പണിക്കരുടെ വരികളാണ്. യു.ഡി.എഫ് തകര്‍ന്നുകിടക്കുകയാണ്. മുന്നണി വിട്ട കെ.എം മാണിക്കു പിറകെ യു.ഡി.എഫ് നേതാക്കള്‍ നടക്കുമ്പോള്‍ മാണി പറയുന്നത് ''ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരല്ലേ വരല്ലേ, അവസാനമവസാനമവസാനമീയാത്ര അവസാനമവസാനമല്ലേ...'' എന്നൊക്കെയാണെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചാവേളയില്‍ രാജഗോപാലന്‍.
കഴിഞ്ഞദിവസം അടിയന്തരപ്രമേയം കൊണ്ടുവന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭാബഹിഷ്‌കരണം പ്രഖ്യാപിച്ചു. അതില്‍ ഖിന്നനായി തിരുവഞ്ചൂര്‍ ''എവിടുന്നു വന്നിത്ര കൊടുകയ്പു വായിലെന്നറിയാതുഴന്നു ഞാന്‍ നില്‍ക്കേ.. '' എന്നും പറഞ്ഞുകൊണ്ടിരിക്കയാണ്. ഏതായാലും യു.ഡി.എഫ് അംഗങ്ങളും കെ.എം മാണിയുടെ കക്ഷിയും നേരത്തെ സഭ വിട്ടുപോയതിനാല്‍ രാജഗോപാലനു മറുപടി പറയാന്‍ ആരുമുണ്ടായില്ല. പ്രതിപക്ഷമെന്നു പറയാന്‍ പി.സി ജോര്‍ജും ഒ.രാജഗോപാലുമൊഴികെ മറ്റാരുമില്ലാത്ത അവസ്ഥയില്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് തുരുതുരാ ഗോളടിയുമായാണ് ധനാഭ്യര്‍ഥന ചര്‍ച്ച മുന്നേറിയത്.
ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും പി.സി ജോര്‍ജ് ഇന്നലെ ശരിക്കുള്ള പ്രതിപക്ഷ റോളിലേക്കു പോയില്ല. ഭരണപക്ഷത്തിന് ആശ്വാസം പകരുന്ന തരത്തിലാണ് ജോര്‍ജ് സംസാരിച്ചത്. സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ ഫീസ്‌വര്‍ധന 30 സീറ്റുകളില്‍ മാത്രമാണുണ്ടായതെന്നും മൊത്തം ഏഴരലക്ഷം രൂപയാണ് വര്‍ധിച്ചിരിക്കുന്നതെന്നും ജോര്‍ജ്.
ഈ തുകയ്ക്കു വേണ്ടി സഭ തുടര്‍ച്ചയായി തടസപ്പെടുത്തേണ്ടതില്ല. യു.ഡി.എഫ് ബഹിഷ്‌കരണം പ്രഖ്യാപിക്കുമ്പോള്‍ ഉടന്‍ മാണിയും ചാടിയിറങ്ങി ഓടുന്നു. ഡൈവേഴ്‌സ് ചെയ്തവര്‍ പിന്നെ രാത്രി ഒളിച്ചും പതുങ്ങിയുമുള്ള കച്ചവടത്തിനു പോകണമോ എന്ന് ജോര്‍ജിന്റെ ചോദ്യം.
കോഴക്കേസ് ഒതുക്കാമെന്നു കരുതിയാണ് മാണി മുന്നണി വിട്ടുവന്നതെന്നും അതു നടക്കില്ലെന്നു കണ്ടപ്പോള്‍ മാണി വീണ്ടും യു.ഡി.എഫിനു പിറകെ ശിഖണ്ഡി വേഷംകെട്ടി നടക്കുകയാണെന്നും കെ.ആന്‍സലന്‍.
വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം എന്നായിരുന്നു വൈദ്യുതിയുടെ കാര്യത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍. 100 ദിവസംകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ 100 സൂര്യന്‍ ഉദിച്ചതുപോലെ പ്രകാശം പരത്തുകയാണെന്നും അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ അദ്ദേഹത്തിനു നേരെ ചിലര്‍ ആരംഭിച്ച വേട്ടയാടല്‍ അദ്ദേഹം മുഖ്യമന്ത്രിയായിട്ടും തുടരുന്നതില്‍ എ.എം ആരിഫിന് ദുഃഖമുണ്ട്. ഇതൊക്കെ അനുഭവിക്കുന്ന വ്യക്തി ഇടയ്‌ക്കൊക്കെ ക്ഷോഭിച്ച് എന്തെങ്കിലും പറഞ്ഞുപോയാല്‍ അതിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. മനസിലുള്ളതെല്ലാം അടക്കിപ്പിടിച്ച് പുറമെ ചിരിച്ച് കാപട്യം കാണിക്കാന്‍ എല്ലാവരും ഉമ്മന്‍ ചാണ്ടിയല്ലെന്നും ആരിഫ്.
ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുന്നതിനിടയില്‍ എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍, പുറമ്പോക്കിലെ കുടിലുകളിലും മറ്റും താമസിക്കുന്ന വീട്ടുനമ്പര്‍ ഇല്ലാത്തവര്‍ക്കും വൈദ്യുതി നല്‍കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിട്ടും അങ്ങനെ നല്‍കുന്നില്ലെന്ന് സുരേഷ് കുറുപ്പ്. ഇത്തരം വീടുകള്‍ക്ക് കണക്്ഷനു വേണ്ടി താല്‍കാലിക വീട്ടുനമ്പര്‍ നല്‍കാനുള്ള ഉത്തരവ് 2012ല്‍ തന്നെ ഇറങ്ങിയിട്ടുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതു പാലിക്കുന്നില്ലെന്ന് മന്ത്രി.
ഇതിനായി ഈ സഭാസമ്മേളനം തീരുന്നതിനു മുന്‍പ് തന്നെ വീണ്ടും നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. സോളാര്‍ വൈദ്യുതിയെക്കുറിച്ച് കടകംപള്ളി പഞ്ഞുകൊണ്ടിരിക്കുമ്പോള്‍, സോളാര്‍ എന്ന വാക്ക് കേള്‍ക്കുന്നതു തന്നെ ഇപ്പോള്‍ നാണക്കേടാണെന്നും ആ പേര് മാറ്റണമെന്നും വി.കെ.സി മമ്മത് കോയ. നമുക്ക് സോളാര്‍ വൈദ്യുതി ഉപയോഗിക്കാമെന്ന് ഏതെങ്കിലും ഒരു ഭര്‍ത്താവ് വീട്ടില്‍ പറഞ്ഞാല്‍ ഭാര്യ കോപിക്കുന്ന അവസ്ഥയാണുള്ളതെന്നും അതൊരു അശ്ലീലപദമായി മാറിയിട്ടുണ്ടെന്നു
മായി എ.എം ആരിഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."