യുദ്ധത്തിന്റെ കാര്‍മേഘത്തില്‍ യുക്തിചിന്തയുടെ മിന്നല്‍
ഇന്ത്യാ പാക് ആകാശത്തിനുമേലെ യുദ്ധസാധ്യതയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയതുമുതല്‍ എന്റെ മനസില്‍ ഇടയ്ക്കിടെ കടന്നുവരുന്നത് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഒരു കാവ്യശകലമാണ്.
'കെട്ടഴിച്ചുവിടാനേതു പൊട്ടനും മതി; പിടിച്ചു
കെട്ടുവാന്‍ ഭൂപാലനൊരാള്‍ മുതിര്‍ന്നേ പറ്റൂ'
എന്നതാണ് ആ കാവ്യശകലം. ഗ്ലാസ്‌നോസ്റ്റിന്റെയും പെരിസ്‌ത്രോയിക്കയുടെയും വഴികളിലൂടെ പഴയ സോവിയറ്റ് യൂനിയനെ ഗോര്‍ബച്ചേവ് തകര്‍ത്തു തുടങ്ങിയ പശ്ചാത്തലത്തിലാണു വിഷ്ണുനാരായണന്‍ നമ്പൂതിരി ഈ കവിതയെഴുതിയത്. എങ്കിലും ഈ വരികള്‍ ഇന്നു പ്രസക്തമായത് ഇന്ത്യയുടെയും പാകിസ്താന്റെയും ഭരണനേതൃത്വത്തിന്റെ നിലപാടുകളുടെ പശ്ചാത്തലത്തിലാണ്. യുദ്ധം തുടങ്ങിവയ്ക്കാന്‍ എളുപ്പമാണ്. ഒഴിവാക്കാനേ ശ്രമം വേണ്ടൂ. ഇതു പറയാന്‍ ഇന്ന് ആളില്ലാതാവുന്നു.
സാര്‍വദേശീയതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഘട്ടമാണിതെന്നും അതുകൊണ്ടുതന്നെ ഇതു യുദ്ധത്തിനുള്ള ഏറ്റവും പറ്റിയ സമയമാണെന്നും ചിലര്‍ വിശ്വസിക്കുകയും രാഷ്ട്രത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതു സത്യമല്ലെന്ന്, എത്ര ഉദാഹരണങ്ങളിലൂടെയും തെളിയിക്കാം.
ഒന്ന്: ചൈനയും പാകിസ്താനും തമ്മിലുള്ള നിര്‍ദിഷ്ട സുരക്ഷാ ഉടമ്പടി യാഥാര്‍ഥ്യമാവുകയാണ്. നേരത്തേ വേണ്ടെന്നുവച്ചിരുന്നതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നതെന്ന് ഓര്‍മിക്കണം.
രണ്ട്: റഷ്യയും പാകിസ്താനും തമ്മില്‍ സംയുക്ത സൈനികഡ്രില്‍ ഈയിടെ നടന്നു. ഉറി ആക്രമണത്തിനുശേഷമാണിതെന്ന് ഓര്‍മിക്കണം. ഉറി ആക്രമണപശ്ചാത്തലത്തില്‍ സംയുക്താഭ്യാസങ്ങളില്‍നിന്നു പിന്‍വാങ്ങുന്നുവെന്നു വേണമെങ്കില്‍ റഷ്യയ്ക്കു പറയാമായിരുന്നു. അവര്‍ അതു ചെയ്തില്ല.
മൂന്ന്: ഇന്ത്യ കൂടുതലായി അമേരിക്കയുടെ ഭാഗത്തേയ്ക്കു ചാഞ്ഞതില്‍ അസംതൃപ്തമാണു റഷ്യ. മുന്‍പ് ഇന്ത്യയ്ക്കു പടക്കോപ്പുകള്‍ വില്‍ക്കുന്നതില്‍നിന്നുള്ള ലാഭത്തില്‍ റഷ്യയ്ക്കു താല്‍പ്പര്യമുണ്ടായിരുന്നു. ഇപ്പോള്‍, യുദ്ധസാമഗ്രികള്‍ക്ക് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് അമേരിക്കയെയാണ്. അതുകൊണ്ട് റഷ്യയ്ക്ക് ഇന്ത്യയോട് ആനുകൂല്യമൊന്നുമില്ല. റഷ്യന്‍ പടക്കോപ്പുകള്‍ വാങ്ങുന്ന രാജ്യമെന്ന നിലയില്‍ പാകിസ്താനോട് അനുഭാവമുണ്ടുതാനും.
നാല്: മുന്‍പ് യുദ്ധാന്തരീക്ഷങ്ങളില്‍ ഇന്ത്യയ്ക്ക് അമേരിക്ക വഴി പാകിസ്താനുമേല്‍ സമ്മര്‍ദം ചെലുത്താമായിരുന്നു. ഇന്ന് അത്തരമൊരു സമ്മര്‍ദശേഷി അമേരിക്കയ്ക്കില്ല. പര്‍വേശ് മുഷ്‌റഫിലുണ്ടായിരുന്ന സ്വാധീനം ഇന്നു നവാസ് ഷെരീഫിലില്ല. അഫ്ഗാന്‍പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയ്ക്കു പാകിസ്താനുമായുണ്ടായിരുന്ന ദൃഢബന്ധം അഫ്ഗാനില്‍നിന്നുള്ള യു.എസ് സൈനിക പിന്മാറ്റത്തോടെ ദുര്‍ബലപ്പെട്ടു. പാകിസ്താനിലേയ്ക്ക് അമേരിക്കയില്‍നിന്ന് ഒഴുകിയിരുന്ന സൈനിക സഹായത്തുക 'ബില്യണു'കളില്‍നിന്നു 'മില്യണു'കളിലേയ്ക്കു ശോഷിച്ചു. ഈ സാഹചര്യത്തില്‍ അമേരിക്കയിലൂടെ സമ്മര്‍ദംചെലുത്തുകയെന്ന തന്ത്രം വിലപ്പോവില്ല. ഉറി ആക്രമണത്തിനുശേഷംപോലും അമേരിക്ക പാകിസ്താനെ പേരുപറഞ്ഞു കുറ്റപ്പെടുത്തിയിട്ടില്ല എന്നുമോര്‍ക്കണം.
അഞ്ച്: ചൈനയുമായി ശക്തമായ വ്യാപാരബന്ധം നിലനിര്‍ത്തുകയും അതില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്ന അന്‍പതോളം രാജ്യങ്ങള്‍ ഉറി ആക്രമണത്തെക്കുറിച്ചു മിണ്ടിയിട്ടില്ല. ഇന്തോനേഷ്യപോലുള്ള ചില രാജ്യങ്ങളാകട്ടെ, പാകിസ്താനു സൈനികസഹായം വാഗ്ദാനംചെയ്യുകപോലും ചെയ്തു.
ആറ്: ഒ.ഐ.സി (ഇസ്‌ലാമികരാഷ്ട്രങ്ങളുടെ സംഘടന) പ്രഖ്യാപിച്ചിട്ടുള്ളത് കശ്മീര്‍ കാര്യത്തില്‍ പാക് നിലപാടാണു ശരിയെന്നാണ്. ആ സംഘടനയിലെ മിക്ക രാജ്യങ്ങളും പാകിസ്താനോടുള്ള അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനാകട്ടെ, എണ്ണ രാഷ്ട്രങ്ങളുടെ സംഘടനയ്‌ക്കൊത്തു (ഒപ്പേക്)നില്‍ക്കാനാണു താല്‍പ്പര്യം. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തില്‍ ഇറാന്‍ പ്രത്യക്ഷത്തില്‍ ഇന്ത്യാ അനുകൂല നിലപാടെടുക്കുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.
ഏഴ്: തുര്‍ക്കി കശ്മീരിലേയ്ക്കു വസ്തുതാപഠനസംഘത്തെ അയച്ചിരിക്കുകയാണ്. ഇതു കശ്മീര്‍പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയരാഷ്ട്രാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്ന ഇന്ത്യന്‍നിലപാടിനെതിരാണ്. തുര്‍ക്കി സംഘത്തെ അയച്ചത് പാകിസ്താന്റെ അപേക്ഷപ്രകാരമാണുതാനും.
എട്ട്: പാകിസ്താനുമായുള്ള ഉഭയരാഷ്ട്രബന്ധത്തിന്റെ കാര്യത്തില്‍ മുന്‍പൊരു കാലത്തുമില്ലാത്ത താല്‍പ്പര്യമാണ് നേപ്പാള്‍ ഇപ്പോള്‍ കാട്ടുന്നത്.
ഒന്‍പത്: പാക് പ്രധാനമന്ത്രിയുടെ പ്രസംഗം യു.എന്‍ കാര്യമായെടുത്തില്ലെന്നു പറയാമെങ്കിലും നമ്മുടെ നിലപാടുകള്‍ക്കും അവര്‍ ഗൗരവം കല്‍പ്പിച്ചില്ലെന്ന സത്യം കാണാതിരുന്നുകൂടാ.
പത്ത്: സിന്ധുനദീജല കരാറില്‍നിന്നു പിന്‍വാങ്ങി പാകിസ്താനെ സമ്മര്‍ദത്തിലാക്കാമെന്നു നാം കരുതുന്നു. അങ്ങനെ ചെയ്താല്‍ അതു ലോകബാങ്കിനെ പ്രകോപിപ്പിച്ചെന്നുവരും. ലോകബാങ്കിന്റെ ഉപരോധത്തിലേയ്ക്കുവരെ കാര്യങ്ങളെത്താം.
പതിനൊന്ന്: പാകിസ്താനുള്ള എം.എഫ്.എന്‍ (ഏറ്റവും ആനുകൂല്യമുള്ള രാജ്യം) പദവി ഇന്ത്യ പിന്‍വലിക്കുന്നുവെന്നു വന്നാല്‍ അതു വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നു വിലയിരുത്തപ്പെടും. ആ സംഘടനയെ അതു പ്രകോപിപ്പിക്കും.
ഇതൊക്കെ കാണാതെ, പാകിസ്താനെ അന്താരാഷ്ട്രരംഗത്ത് ഒറ്റപ്പെടുത്തിയെന്നു പറയുന്നത് എത്രത്തോളം യുക്തിസഹമാണ്.
ഇതേക്കാളൊക്കെ പ്രധാനം ഇന്ത്യയും പാകിസ്താനും ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളാണെന്നതാണ്. ഈ പദവി തുല്യനിലയിലിരിക്കെത്തന്നെ രണ്ടു പ്രതികൂലഘടകങ്ങള്‍ നമുക്കുണ്ട്.
ഒന്ന്: ആദ്യാക്രമണം നമ്മുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് എഴുതിയൊപ്പിട്ടുകൊടുത്തിട്ടുള്ളവരാണു നമ്മള്‍. പാകിസ്താന്‍ അങ്ങനെയൊന്നു ചെയ്തിട്ടില്ല. പരമ്പരാഗത ആക്രമണരീതിക്കു പരമ്പരാഗത പ്രത്യാക്രമണമെന്ന ശൈലിയോടു പ്രതിബദ്ധമാണ് ഇന്ത്യ. മറിച്ചായാല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടും.
രണ്ട്: ആദ്യ ആക്രമണത്തിനു നമ്മളില്ലെന്ന നിലപാടില്‍ ഊന്നിനിന്നുകൊണ്ട് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളതത്രയും ദീര്‍ഘദൂര ആണവായുധങ്ങളാണ്. ഹ്രസ്വദൂരായുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമായിരുന്നെങ്കിലും അതില്‍ അധികം കേന്ദ്രീകരിച്ചില്ല. അതായത്, തൊട്ടുമുന്‍പിലേയ്‌ക്കെത്തുന്നവരെ അക്രമിക്കാനല്ല അതിദൂരത്തിലുള്ളയിടങ്ങളില്‍ ആക്രമണം നടത്താനാണു നമുക്കു കൂടുതല്‍ ശേഷി. അതുകൊണ്ടു പരമ്പരാഗത കടന്നാക്രമണസേനയെ നേരിടാനാവില്ല.
ദീര്‍ഘകാലയുദ്ധത്തില്‍ ജയിക്കാന്‍വേണ്ട എല്ലാ കരുത്തും ഇന്ത്യയ്ക്കുണ്ട്. എന്നാല്‍, പുതിയകാലത്തു യുദ്ധം ദീര്‍ഘകാലത്തേയ്ക്കു നീളാന്‍പറ്റില്ല. രണ്ട് ആണവശക്തികള്‍തമ്മിലുള്ള യുദ്ധത്തെ അനിശ്ചിതമായി തുടരാന്‍ അന്താരാഷ്ട്രസമൂഹം അനുവദിക്കില്ല. ലോകശക്തികള്‍ ഇടപെടും. സാമ്പത്തിക,ഭക്ഷ്യ, ഔഷധരംഗങ്ങളില്‍ ഉപരോധംപോലും ഉണ്ടായെന്നു വരും.
പലതലങ്ങളില്‍ അന്താരാഷ്ട്രസമ്മര്‍ദമുണ്ടാകും. അതു ദീര്‍ഘയുദ്ധത്തിലെ ജയം എന്നിടത്തേയ്‌ക്കെത്താന്‍ കഴിയാത്ത അവസ്ഥയിലേയ്ക്കു നമ്മെ കൊണ്ടെത്തിക്കും. രാജ്യത്തിന്റെ വിസ്തൃതിയോ ജനസംഖ്യയുടെ വലിപ്പമോ അല്ല ആധുനികകാലത്തു യുദ്ധത്തിന്റെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നത്.
ആദ്യാക്രമണത്തിനുള്ള അവകാശം കൈയൊഴിയാത്തതും ഹ്രസ്വദൂരാക്രമണത്തിനുള്ള ആണവായുധം ധാരാളമായി വികസിപ്പിച്ചിട്ടുള്ളതുമായ ന്യൂക്ലിയര്‍ ശക്തിയെ ആദ്യാക്രമണാവകാശം വേണ്ടെന്നുവച്ചതും ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ചതുമായ രാജ്യത്തിനു മിന്നല്‍യുദ്ധത്തില്‍ കീഴ്‌പ്പെടുത്തുക ശ്രമകരമാണ്.
ഇതുകൊണ്ടാണു ദീര്‍ഘകാലയുദ്ധത്തിലാവും ജയം എളുപ്പമാവുകയെന്നു പറയുന്നത്. എന്നാല്‍, നമ്മുടെ പ്രശ്‌നം, യുദ്ധം ദീര്‍ഘകാലത്തേയ്ക്കാകാന്‍ അന്താരാഷ്ട്ര സമൂഹം അനുവദിക്കില്ലെന്നതാണ്. 1971ലെ യുദ്ധം ഇന്ത്യ 14 ദിവസംകൊണ്ടു ജയിച്ചു. വെടിനിര്‍ത്തലുമായി. എന്നാല്‍, ഇന്ന് അത്രദിവസംപോലും യുദ്ധം നീളില്ലെന്നതാണവസ്ഥ.
പാകിസ്താന്‍ ചെറിയരാജ്യമാണെങ്കിലും ജനങ്ങളെ പട്ടിണിക്കിട്ടും സൈന്യശേഷി വര്‍ധിപ്പിക്കുന്നതിലാണ് അവര്‍ കേന്ദ്രീകരിച്ചത്. വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ കരുത്ത്, നാവികസേനയുടെ സബ്മറൈന്‍ കരുത്ത് തുടങ്ങിയ രംഗങ്ങളിലെ അവരുടെ കരുത്ത് കുറച്ചുകണ്ടിട്ടു കാര്യമില്ല. നമുക്ക് ഏറ്റവും ആധുനികവും സജ്ജതയുമുള്ളതു കരസേനയുടെ ടാങ്ക് യുദ്ധരംഗത്താണ്. ബൊഫോഴ്‌സ് പീരങ്കി വാങ്ങലിനുശേഷം ഇന്ത്യ പീരങ്കി വാങ്ങിയിട്ടില്ല.
ഫ്രാന്‍സില്‍നിന്നുള്ള അത്യാധുനിക സബ്മറൈനുകള്‍ അടുത്തയിടെയും പാകിസ്താന്‍ വാങ്ങി. നമ്മള്‍ വാങ്ങിയിട്ടില്ല. 30ല്‍പ്പരം എന്നിടത്ത് ഒതുങ്ങിനില്‍ക്കുകയാണു നമ്മുടെ സ്‌ക്വാഡ്രണ്‍ ശക്തി. പ്രസിദ്ധമായ ആ വാചകമുണ്ടല്ലൊ, `To be prepared for war is the btse way to avert war’. ഈ സത്യത്തിന്റെ പൊരുള്‍ മറന്ന സ്ഥിതിയായിരുന്നു നമ്മുടെ സമീപഭൂതകാലത്ത്.
ഏറ്റവും ആശങ്കാജനകമായ കാര്യം 'യുദ്ധം വേണ്ടെ'ന്നു പറയുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ ലോകരംഗത്ത് ഇല്ലാതായിരിക്കുന്നുവെന്നതാണ്. മുന്‍പൊരു ചേരിചേരാപ്രസ്ഥാനമുണ്ടായിരുന്നു. അന്‍പതുകളിലും അറുപതുകളിലുമൊക്കെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നവവിമോചിതരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുനിര്‍ത്തുന്നതിലും അവയ്ക്കിടയില്‍ ഉരസലുകളുണ്ടാകാതെ നോക്കുന്നതിലും ആ പ്രസ്ഥാനം വലിയ പങ്കുവഹിച്ചിരുന്നു. ഇന്ന് അതില്ല. യുദ്ധമരുതെന്ന സന്ദേശവും അതോടെ ഇല്ലാതായി. മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇടപെടരുതെന്നതടക്കമുള്ള പഞ്ചശീലതത്വങ്ങള്‍ പോയ്മറഞ്ഞിടത്തു യുദ്ധത്തിനുവേണ്ടിയുള്ള തത്വങ്ങളേ കേള്‍ക്കാനുള്ളുവെന്നായി.
യുദ്ധം അനിവാര്യമാണെന്ന ബോധം പടര്‍ത്തുന്നതു പടക്കോപ്പുകള്‍ വിറ്റു സാമ്പത്തികശക്തിയാകുന്ന ബഹുരാഷ്ട്രകോര്‍പ്പറേഷനുകളും അവയെക്കൊണ്ടു നിലനില്‍ക്കുന്ന മുതലാളിത്തസാമ്രാജ്യത്വശക്തികളുമാണ്. അവരുടെ പ്രചാരണത്തില്‍ നിഷ്പക്ഷമതികള്‍പോലും വീണുപോകുന്ന കാലമാണിത്. നവലിബറല്‍ ആശയങ്ങള്‍ പൊതുബോധത്തില്‍ വരുത്തുന്ന മാറ്റമാണിതില്‍നിന്നു വ്യക്തമാവുന്നത്.
മുന്‍പൊക്കെ യുദ്ധമരുതെന്നു പറയുന്നതു നല്ല കാര്യമായാണു കണക്കാക്കിയിരുന്നത്. ഇന്നു യുദ്ധമരുതെന്നു പറഞ്ഞാല്‍ ദേശവിരുദ്ധമായി കണക്കാക്കുന്ന സ്ഥിതിയായി. ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ ഒരേപോലെ യുദ്ധംവേണമെന്നു മുറവിളി കൂട്ടിക്കൊണ്ടിരുന്നാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഇരുരാഷ്ട്രങ്ങള്‍ക്കും ഒരേപോലെ പടക്കോപ്പുകള്‍ വില്‍ക്കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും അവയ്ക്കുപിന്നിലെ സാമ്രാജ്യത്വശക്തികളുമായിരിക്കും. ഇതു നമ്മള്‍ മറന്നുപോവുന്നു.
പാകിസ്താനിലെ സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ യുദ്ധം വേണോ വേണ്ടയോയെന്നു നിശ്ചയിക്കാനുള്ള അധികാരമില്ലെന്നതാണു സ്ഥിതി. അവിടെ ന്യൂക്ലിയര്‍ ബട്ടണുമേല്‍ വിരല്‍ചേര്‍ത്തു നില്‍ക്കുന്നത് അവിടത്തെ പട്ടാളവും ചാരസംഘടനയും മതമൗലികവാദസംഘങ്ങളുമാണ്.
ഇത്തരം കാര്യങ്ങളൊക്കെ മനസില്‍വച്ചുവേണം യുദ്ധത്തെക്കുറിച്ചു ചിന്തിക്കാന്‍. 'ഒരു കോപംകൊണ്ടങ്ങോട്ടു ചാടിയാല്‍, ഇരു കോപം കൊണ്ടിങ്ങോട്ടു പോരാമോ' എന്ന പഴയ കവിതയിലെ ചോദ്യം മറന്നുകൂടാ. കൃത്യമായി വിലയിരുത്തിയാല്‍ കാര്‍ഗില്‍ വന്‍യുദ്ധമൊന്നുമായിരുന്നില്ല. എന്നിട്ടും എത്ര മൃതദേഹപേടകങ്ങളാണു നമ്മുടെ ഈ കേരളത്തിലേയ്ക്കു നിത്യേനയെന്നോണം എത്തിക്കൊണ്ടിരുന്നത്.
യുദ്ധം കൗതുകാതിരേകത്തില്‍ എടുത്തുചാടാനുള്ള നീന്തല്‍ക്കുളമല്ല. മരണാസക്തിയോടെ എടുത്തുചാടാനുള്ള പ്രക്ഷുബ്ധമായ കൊടുംകടലാണ്. അതുകൊണ്ടുതന്നെയാണ്, വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വരികള്‍ കടമെടുത്തു വീണ്ടും ഉപദേശിക്കാന്‍ തോന്നുന്നത്,
'കെട്ടഴിച്ചുവിടാനേതു പൊട്ടനും മതി; പിടിച്ചു
കെട്ടുവാന്‍ ഭൂപാലനൊരാള്‍ മുതിര്‍ന്നേ പറ്റൂ'.
കവിതയിലെ ഭൂപാലധര്‍മമാവണം ഇവിടെ പുലരേണ്ടത്.
(മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."