ഇടമലക്കുടിയിലെ നരബലി ആരോപണം: അന്വേഷണത്തിന് പ്രത്യേക സംഘം
തൊടുപുഴ: കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില്‍ നരബലി നടന്നതായ പരാതിയില്‍ സമഗ്ര അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്. മൂന്നാര്‍ സി.ഐ. യുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പരാതി അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.
ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയിലെത്തിയ പൊലിസ് സംഘം നിരവധിപേരെ ചോദ്യം ചെയ്തു. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും ഇവരോടൊപ്പം കുടിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ മനുഷ്യാവകാശ സാമൂഹ്യ നീതി കമ്മിഷന്‍ എന്ന സംഘടനയാണ് ഇടമലക്കുടിയില്‍ നരബലി നടത്തിയതായി പരാതി നല്‍കിയത്. കേന്ദ്ര ശിശുക്ഷേമ വകുപ്പിനും, ബാലവകാശ കമ്മിഷനും, സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ജാതക ദോഷം തീര്‍ക്കുന്നതിനും ദേവപ്രീതിക്കുമായി 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ എട്ടുമാസത്തിനിടയില്‍ ബലി നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് മാസം മുമ്പ് ഇടമലക്കുടിയിലെത്തിയപ്പോള്‍ നരബലി നടന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായും സംഘടനാ പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം പരാതിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നാണ് പൊലിസ് നിലപാട്.
വിവിധ കുടികളിലെ കാണിമാര്‍, മൂപ്പന്‍മാര്‍ എന്നിവരുമായി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. കുടികളില്‍ നിന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആരേയും കാണാതായിട്ടില്ലെന്ന് ആദിവാസി നേതാക്കന്മാര്‍ പറഞ്ഞു. പരാതി നല്‍കിയ സംഘടനക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഊരുമൂപ്പന്‍മാന്‍ പറഞ്ഞു. വ്യാജമാണെന്ന് തെളിഞ്ഞാല്‍ പരാതി നല്‍കിയ സംഘടനക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുമെന്നു മൂന്നാര്‍ ഡി.വൈ.എസ്.പി കെ.എന്‍. അനിരുദ്ധന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."