നോര്‍ത്ത് ഈസ്റ്റ് ഇന്ന് ഗോവയ്ക്കെതിരേ
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയം തുടരാന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇന്ന് കളത്തിലിറങ്ങും. രണ്ടാം സീസണിലെ റണ്ണറപ്പുകളായ എഫ്.സി ഗോവയാണ് നോര്‍ത്ത് ഈസ്റ്റിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ന് കളത്തിലിറങ്ങുന്നത്. അതോടൊപ്പം സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും അവര്‍ക്കുണ്ട്.
കാറ്റ്സുമി യൂസയായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരേ നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്.
ഗോവയ്ക്കെതിരേയും യൂസയില് നിന്ന് മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഗോവയ്ക്ക് പ്രമുഖ താരങ്ങളുടെ പരുക്ക് തിരിച്ചടിയാണ്. ഗ്രിഗറി അര്നോലിന്, സുഭാഷിഷ് റോയ് ചൗധരി, ഡെന്‍സില്‍ ഫ്രാങ്കോ, ലൂസിയാനോ സബ്രോസ, റോമിന് സിങ് എന്നിവര്‍ കളിക്കില്ലെന്ന് വ്യക്തമാണ്. സബ്രോസയുടെ കാര്യത്തില്‍ അവസാന നിമിഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് കോച്ച് സീക്കോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാജു ഗെയ്ക്വാദ് പരുക്കില്‍ നിന്ന് മുക്തനായി കളിക്കുമെന്ന് ടീം മാനേജ്മെന്റ് പറഞ്ഞു.
സന്നാഹമത്സരങ്ങള്‍ മോശം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ റദ്ദാക്കിയത് കോച്ച് സീക്കോയെ ചൊടിപ്പിച്ചിട്ടുണ്ട്. ടീം ഒഫിഷ്യലുകളോട് ഇക്കാര്യവുമായി ബന്ധപ്പെട്ട് സീക്കോ ദേഷ്യപ്പെട്ടെന്നും വാര്‍ത്തയുണ്ട്.
പ്രതികൂല സാഹചര്യങ്ങള്‍ ഒന്നൊഴിയാതെ ടീമിനെ തേടി വരുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തി അതിനെ മറികടക്കാന്‍ സീക്കോ പുതു തന്ത്രങ്ങളൊരുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."