നാട്ടങ്കത്തില്‍ മുംബൈക്ക് ജയം
പൂനെ: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യ നാട്ടങ്കത്തില്‍ മുംബൈ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് പൂനെ സിറ്റിയെ പരാജയപ്പെടുത്തി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്യാസ് ഡെഫഡറിക്കോ നേടിയ ഗോളാണ് മുംബൈയെ ജയത്തിലേക്ക് നയിച്ചത്. മികച്ച ലൈനപ്പുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.
രാഹുല്‍ ബെക്കെ, ഗൗരമാങ്കി മോയ്റാങ്കതെം, എഡ്വാര്‍ഡോ ഫെരേര, നാരായണ്‍ ദാസ്, എന്നിവര്‍ പൂനെയും പ്രതിരോധക്കോട്ട കാത്തപ്പോള്‍ ബ്രൂണോ ആരിയാസ്, ലെന്നി റോഡ്രിഗസ്, ജൊനാഥന് ലൂക്ക എന്നിവര്‍ മധ്യനിരയില്‍ ശക്തി പകര്‍ന്നു. മുന്നേറ്റത്തില്‍ അരാറ്റ ഇസുമി, ജീസസ് ടാറ്റോ, ഗുസ്താവോ ഒബര്മാന് എന്നിവരും കളത്തിലിറങ്ങി. മുംബൈ നിരയില്‍ മുന്‍ ഉറുഗ്വെ താരം ഡീഗോ ഫോര്‍ലാന്റെ സാന്നിധ്യമായിരുന്നു കരുത്ത് പകര്‍ന്നത്. സെഹ്നാജ് സിങ്, പ്രണോയ് ഹാള്‍ഡര്‍, ഡെഫെഡെറിക്കോ, വാഡോക്സ് എന്നിവര്‍ ടീമിന്റെ മധ്യ-മുന്നേറ്റനിരയില്‍ കരുത്തു പകര്‍ന്നു.
ഏറെ പ്രതീക്ഷയോടെയെത്തിയ ഫോര്ലാന് തന്റെ മികവ് കൊണ്ട് ടീമിന്റെ മുന്നേറ്റങ്ങളെ നയിക്കുന്നതാണ് മത്സരത്തിലുടനീളം കണ്ടത്. പൂനെയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ബെക്കെയുടെ തകര്‍പ്പനൊരു ക്രോസ് മുംബൈയ്ക്ക് ഭീഷണിയുയര്‍ത്തിയെങ്കിലും അവസരോചിതമായി ടാറ്റോയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി.
10ാം മിനുട്ടില്‍ ലൂക്കായുടെ ക്രോസില്‍ ഇസുമിയുടെ ഹെഡ്ഡര്‍ നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാവാതെ പോയത്. എന്നാല്‍ പതിയെ മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തി. ഡെഫഡറിക്കോയും ഫോര്‍ലാനും നടത്തിയ നീക്കങ്ങള്‍ പൂനെയെ ഞെട്ടിച്ചു. രണ്ടു പ്രതിരോധതാരങ്ങളെ ഭേദിച്ച് ഡെഫഡറിക്കോ നടത്തിയ മുന്നേറ്റം ഗോളാവുമെന്ന് കരുതിയെങ്കിലും ഫെരേരയുടെ ഇടപെടല്‍ അപകടം ഒഴിവാക്കുകയായിരുന്നു.
ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ഇരുടീമുകളും സൂവര്ണാവസരങ്ങള് പാഴാക്കി. ഇസുമിയുടെ പാസില്‍ ഒബര്മാന് മികച്ച ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ ഫോര്‍ലാന്റെ മികച്ചൊരു ക്രോസില്‍ ലിയോ കോസ്റ്റയുടെ ഷോട്ടും ഗോളി സേവ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്.
മത്സരം സമനിലയിലാവുമെന്ന് കരുതവേയാണ് മുംബൈ ഗോള്‍ നേടിയത്. ഫോര്‍ലാന്റെ പാസില്‍ ഡെഫഡറിക്കോ മുംബൈയുടെ വിജയ ഗോള്‍ നേടുകയായിരുന്നു. തിരിച്ചടിക്കാന്‍ പൂനെ ശ്രമിച്ചെങ്കിലും ഫിനിഷ് പോരായ്മ തിരിച്ചടിയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."