രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 178 റണ്‍സ് ജയം
കൊല്‍ക്കത്ത: രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ചിറകരിഞ്ഞ് ഇന്ത്യക്ക് പരമ്പര. 178 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ജയത്തോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.നാലാം ദിനം എട്ടിന് 227 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 263ന് പുറത്താവുകയായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 376 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കിവീസിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ 197 റണ്‍സിന് ന്യൂസിലന്‍ഡ് കൂടാരം കയറി.
ടോം ലാഥം(74) ന്യൂസിലന്‍ഡിന് വേണ്ടി പൊരുതിയെങ്കിലും പിന്നീട് വന്നവര്‍ നിരാശപ്പെടുത്തി. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് കിവീസിനെ തകര്‍ത്തത്. ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ന്യൂസിലന്‍ഡിന് ടോം ലാഥം, മാര്‍ട്ടിന്‍ ഗുപ്ടില്‍(24) സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെ സൂക്ഷമതയോടെ നേരിട്ട ഓപണിങ് സഖ്യം മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു.
148 പന്തു നേരിട്ട ലാഥം എട്ടു ബൗണ്ടറിയടക്കമാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഗുപ്ടിലിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറിയുണ്ടായിരുന്നു. ഓപണിങ് സഖ്യം ഭീഷണിയുയര്‍ത്തി നീങ്ങവേ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗുപ്ടിലിന്റെ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു അശ്വിന്‍.
ഗുപ്ടില്‍ പുറത്തായശേഷം ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സ്(24) രണ്ടാം വിക്കറ്റില്‍ ലാഥത്തിനൊപ്പം 49 റണ്‍സ് ചേര്‍ത്തു. 66 പന്ത് നേരിട്ട നിക്കോള്‍സ് രണ്ടു ബൗണ്ടറിയടിച്ചിരുന്നു.
ഒന്നിന് 104 എന്ന ശക്തമായ നിലയില്‍ നിന്ന് ന്യൂസലന്‍ഡ് തകര്‍ന്നടിയുന്നതാണ് കണ്ടത്. നിക്കോള്‍സിനെ പുറത്താക്കി ജഡേജയാണ് കിവീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.നിക്കോള്‍സിനെ രഹാനെയുടെ കൈയിലെത്തിക്കുകയായിരുന്നു ജഡേജ. തൊട്ടുപിന്നാലെ തന്നെ റോസ് ടെയ്‌ല(4) അശ്വിന്‍ പുറത്താക്കി.
പരമ്പരയില്‍ മോശം ഫോം തുടരുന്ന ടെയ്‌ലര്‍ നിര്‍ണായക ഘട്ടത്തില്‍ ഒരിക്കല്‍ കൂടി പരാജയമാവുകയായിരുന്നു. അധികം വൈകാതെ തന്നെ ലാഥത്തിനെയും അശ്വിന്‍ മടക്കി. ലാഥത്തിനെ സാഹയുടെ കൈയിലെത്തിക്കുകയായിരുന്നു അശ്വിന്‍ഇതോടെ നാലിന് 141 എന്ന നിലയിലേക്ക് വീണ കിവീസ് പരാജയം മണത്തു. ലൂക് റോഞ്ചി(32) മാത്രമാണ് പിന്നീട് കിവീസ് നിരയില്‍ പിടിച്ചു നിന്നത്. 60 പന്തില്‍ നാലു ബൗണ്ടറിയടങ്ങുന്നതായിരുന്നു റോഞ്ചിയുടെ ഇന്നിങ്‌സ്. മിച്ചല്‍ സാന്‍ഡ്‌നര്‍(9) വാറ്റ്‌ലിങ്(1) മാറ്റ് ഹെന്റി(18)ജിതന്‍ പട്ടേല്‍(2) എന്നിവര്‍ അതിവേഗം പുറത്തായി.
നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ എട്ടിന് 227 എന്ന സ്‌കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 263 റണ്‍സിന് പുറത്തായതോടെയാണ് ന്യൂസിലന്‍ഡഡ് വിജയലക്ഷ്യം നിര്‍ണയിക്കപ്പെട്ടത്.
58 റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്താവാതെ നിന്നപ്പോള്‍ 23 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ വാഗ്‌നറും ഒരു റണ്ണെടുത്ത ഷാമിയെ ബോള്‍ട്ടും വീഴ്ത്തി.ന്യൂസിലന്‍ഡിനായി ബോള്‍ട്ടും സാന്‍ഡ്‌നറും ഹെന്റിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ (82) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(45) എന്നിവരാണ് സാഹയ്ക്ക് പുറമെ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ സ്‌കോര്‍ 316 റണ്‍സിനെതിരേ ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 204 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
രണ്ടിന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ വൃദ്ധിമാന്‍ സാഹയാണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാഹ രണ്ടാമിന്നിങ്‌സില്‍ തകര്‍ന്ന ടീമിനെ രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്നോട്ടു നയിച്ചു. അതേസമയം ഇന്ത്യന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കിവീസിന് മൂന്നാം ടെസ്റ്റില്‍ വിജയിക്കേണ്ടതുണ്ട്. ഒക്ടോബര്‍ എട്ടിന് ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."