പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസത്തിന് നോട്ടീസ്
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫില്‍ ധാരണ. പ്രസിഡന്റനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്കി. പ്രസിഡന്റ് സി.പി.എമ്മിലെ ഷാഹിനാ ഗഫൂറിനെതിരേ കോണ്‍ഗ്രസും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരെ സി.പി.എമ്മുമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
പഞ്ചായത്തില്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായ വിവരം പുറത്തുവന്നതോടെ തിങ്കളാഴ്ച സി.പി.എം അംഗങ്ങള്‍ വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസുമായി രംഗത്തെത്തുകയായിരുന്നു. 18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് എട്ടും സി.പി.എമ്മിന് ആറും ലീഗിനു നാലും അംഗങ്ങളാണുള്ളത്. ത്രികോണ മത്സരം നടന്ന പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെയാണ് സി.പി.എമ്മിനു പ്രസിഡന്റ് പദവി ലഭിച്ചിരുന്നത്. എന്നാല്‍, സി.പി.എമ്മിലെ ഭിന്നതമൂലം മൂന്നംഗങ്ങള്‍ വോട്ടു ചെയ്യാതിരുന്നതിനാല്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു.
ഭരണസമിതിയുടെ തീരുമാനങ്ങള്‍ക്കെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളെ ലീഗ് പിന്തുണച്ചിരുന്നെങ്കിലും കാളികാവില്‍ ലീഗംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസില്‍ കയറി അക്രമിച്ചതോടെ ലീഗും സി.പി.എമ്മും കൂടുതല്‍ അകലുകയായിരുന്നു.
യു.ഡി.എഫ് ധാരണ പ്രകാരം പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വയം രാജിവച്ചു മാറിനില്ക്കാന് അവസരം നല്‍കാനായിരുന്നു തീരുമാനം. സി.പിഎം അംഗങ്ങള്‍ വൈസ് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരേ അവിശ്വാസത്തിനു നോട്ടീസ് നല്‍കിയതോടെ പ്രസിഡന്റിനെതിരേ കോണ്‍ഗ്രസും അവിശ്വാസത്തിനു നോട്ടീസ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."