ഉത്തരവ് കടലാസില്‍; നിരത്തുകളില്‍ പരസ്യനിയമലംഘനം
മലപ്പുറം: സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കടലാസില്‍. സര്‍ക്കുലര്‍ ഇറക്കിയതല്ലാതെ വാഹന പരിശോധനയ്‌ക്കോ നടപടികള്‍ക്കോ മോട്ടോര്‍ വാഹനവകുപ്പോ വിദ്യാഭ്യാസ വകുപ്പോ ശ്രമിച്ചിട്ടില്ല. എന്നാല്‍, നിര്‍ദേശങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി നിരത്തുകളില്‍ വാഹനങ്ങള്‍ അപകടങ്ങളുണ്ടാക്കുകയാണ്.
ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 17 ഇന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ബാലാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നിര്‍ദേശങ്ങള്‍ പ്രത്യേക സര്‍ക്കുലറായി ഓഗസ്റ്റ് എട്ടിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും അയക്കുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പഴക്കം ചെന്ന, ഫിറ്റ്‌നസില്ലാത്ത വാഹനങ്ങള്‍ കുട്ടികളുമായി സര്‍വിസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷകളിലടക്കം കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര നിത്യക്കാഴ്ചയുമാണ്.
നിശ്ചിത വാഹനം ഓടിച്ച് ചുരുങ്ങിയത് പത്തു വര്‍ഷം പരിചയമുള്ളവരെ മാത്രമേ ഡ്രൈവറാക്കാവൂ എന്നതായിരുന്നു ഉത്തരവിലെ പ്രധാന നിര്‍ദേശം. വാഹന നിയമങ്ങള്‍ ലംഘിച്ചതിന് നടപടി നേരിട്ടവരെ ഡ്രൈവറാക്കരുത്, എല്ലാ വാഹനങ്ങളും വേഗപ്പൂട്ട് സ്ഥാപിക്കണം, വാഹനത്തിന്റെ സുരക്ഷ സ്‌കൂള്‍ അധികൃതരോ പി.ടി.എ ഭാരവാഹികളോ ഇടയ്ക്കിടെ ഉറപ്പുവരുത്തണം തുടങ്ങി സുപ്രധാന നിര്‍ദേശങ്ങള്‍ ഇതിലുണ്ടായിരുന്നു.
കൂടാതെ വാഹനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യാപക ആക്ഷേപം.
സ്‌കൂള്‍ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ബസുകളുടെ സുരക്ഷ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ജില്ലയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊലിസിന്റെ സഹകരണത്തോടെയാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."