ബസ് കടകളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; വിദ്യാര്‍ഥികളടക്കം ഇരുപതോളം പേര്‍ക്ക് പരുക്ക്
തിരൂര്‍: സ്വകാര്യ ബസ് നിയന്ത്രണംവിട്ടു കച്ചവട സ്ഥാപനങ്ങളിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. താനൂരില്‍നിന്നു കാളാട് വഴി തിരൂരിലേക്കു പോകുകയായിരുന്ന റിസ്‌വാന്‍ എന്ന സ്വകാര്യ മിനി ബസാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതോടെ നിറമരുതൂര്‍ പത്തമ്പാടായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിലെ ബാര്‍ബര്‍ ഷോപ്പ്, റോഷന്‍ കട, സിമന്റ് കട എന്നിവ അപകടത്തില്‍ തകര്‍ന്നു. സംഭവ സമയത്തു കടകളിലുണ്ടായിരുന്ന സിമന്റ് വ്യാപാരി നിറമരതൂര്‍ വെട്ടണം കടവത്ത് സൈനുദ്ദീന്‍ (50), റേഷന്‍ കടക്കാരന്‍ പാമ്പാട്ട് മുസ്തഫ (50) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. മുസ്തഫയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൈനുദ്ദീനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നിറമരുതൂര്‍ കരിമരം സ്വദേശി കമ്പിളി പറമ്പില്‍ മുഹമ്മദ് (69), കൂളിപറമ്പില്‍ സൗമിനി (45) എന്നിവരെ പൂക്കയില്‍ സ്വകാര്യ ആശുപത്രിയിലും കുണ്ടുങ്ങല്‍ തവരക്കാടന്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (62), കുണ്ടുങ്ങല്‍ നെല്ലിക്ക പറമ്പില്‍ ദൃശ്യ (18), ഉണ്യാല്‍ മുക്കാടി സരോജിനി (50), പത്തംപാട് ഊരകത്ത് ലളിത (34), കാളാട് ഫാത്തിമ ഫര്‍സാന (18), പത്തംമ്പാട് കുളങ്ങര നഷ്‌ലി (21), കുണ്ടുങ്ങല്‍ മുത്തം പറമ്പില്‍ പ്രജിത (17), കാളാട് മണ്ടായ പുറത്ത് റംഷീന, മാരാത്തടത്തില്‍ തങ്കം (50), കാളാട് റിസ്‌വാന്‍, ബസ് ഡ്രൈവര്‍ വരിക്കോട്ടില്‍ യാക്കൂബ് (26) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രലെത്തിച്ചത്. ബാര്‍ബര്‍ഷോപ്പ് തുറക്കാതിരുന്നതും കടകളിലും പരിസരത്തും കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ കാഠിന്യം കുറച്ചു. താനൂര്‍ എസ്.ഐ സുമേഷ് സുധാകരിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."