50 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
പഴയങ്ങാടി: താവത്ത് അമ്പത് ലിറ്റര്‍ അനധികൃത മദ്യവുമായി കാറില്‍ വരികയായിരുന്ന യുവാവ് അറസ്റ്റില്‍. കണ്ണപുരം എസ്.ഐ ബിനുമോഹനന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് കൊട്ടരാടി വയക്കര സ്വദേശി പുതിയ വീട്ടില്‍ സജേഷ്(26) നെ പിടികൂടിയത്. പൊലിസിന് കിട്ടിയ രഹസ്യ വിവരത്തേ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ താവം ദേവിവിലാസം സ്‌കൂളിനരികിലെ റോഡില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാളെ പൊലിസ് പിടികൂടിയത്. പിടികൂടിയ മദ്യം താവം ബവ്‌റിജസ് ഔട്‌ലെറ്റില്‍ നിന്ന് വാങ്ങിയതാണെന്നാണ് സൂചന. താവത്തെ ബവ്‌റിജസ് ഔട്‌ലെറ്റില്‍ നിന്ന് ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ വിദേശമദ്യം സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഉച്ചനേരത്ത് ആളുകള്‍ അധികം പേര്‍ ക്യൂവില്‍ ഇല്ലാത്ത സമയത്ത് ബാഗുമായി എത്തുന്നവര്‍ക്കാണ് അളവില്‍ കൂടുതല്‍ മദ്യം മറിച്ചു വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ വാങ്ങിച്ച മദ്യം സജേഷ് പാടിച്ചാല്‍, തട്ടുമ്മല്‍, തിമിരി എന്നി മലയോരമേഖലയില്‍ വില്‍പ്പന നടത്താനാണ് കൊണ്ടു പോകുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ മദ്യംവാങ്ങിയാല്‍ കൃത്യമായി ബില്‍ നല്‍കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."