മഠത്തില്‍ കുളത്തിലെ മാലിന്യങ്ങള്‍ നീക്കി
വേങ്ങാട്: ഗാന്ധിജയന്തി ദിനത്തില്‍ ഊര്‍പ്പള്ളി കല്ലിക്കുന്ന് ഗ്രാമമാകെ ഉല്‍സാഹപൂര്‍വം കൈകോര്‍ത്തതോടെ വിശാലമായ മഠത്തില്‍ കുളത്തിലെ മാലിന്യങ്ങളും പായലുകളും നീങ്ങി.
പായലും കാടും മൂടിക്കിടന്ന കുളം ഒറ്റദിവസം കൊണ്ട് തെളിനീര്‍ തടാകമായി മാറി. കണ്ണൂരില്‍ നിന്നുള്ള 20 എന്‍.സി.സി കേഡറ്റുകളും വേങ്ങാട് ഇ.കെ നായനാര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാരും പ്രദേശത്തെ യുവാക്കളും സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമെല്ലാം കുളത്തിലും കരയിലുമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കുളം കണ്ടതോടെ നീന്തല്‍ പ്രിയനായ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിക്ക് വെള്ളത്തിലേക്ക് ചാടാന്‍ മോഹം. ഇത്ര വലിയ കുളമാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ സ്വിമ്മിംഗ് സ്യൂട്ട് കരുതുമായിരുന്നുവെന്ന് ഉദ്ഘാടന വേളയില്‍ കലക്ടര്‍ പറഞ്ഞു.
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് വേങ്ങാട് പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണാര്‍ഥം മഠത്തില്‍ കുളം ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കുളക്കരയില്‍ നടന്ന എരഞ്ഞോളി മൂസയുടെ സംഗീതവിരുന്നു കൂടിയായപ്പോള്‍ ശുചീകരണത്തില്‍ പങ്കെടുക്കാനും കാണാനുമായി എത്തിയവരുടെയെല്ലാം മനസ്സുംനിറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായിരുന്നു.
കുളം പഞ്ചായത്തിനായി വിട്ടുനല്‍കിയ പി.കെ കോമളവല്ലി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മധുസൂദനന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷിനിത്ത് പാട്യം, ആര്‍.പി സുഹാസിനി, അച്യുതന്‍, എന്‍.സി.സി കമാന്റര്‍ അനില്‍, ഷമീര്‍ ഊര്‍പ്പള്ളി സംസാരിച്ചു. 'മഴക്കൊയ്ത്ത്' ഏകപാത്ര നാടകവും കവിതാലാപനവും ഗാനമേളയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."