വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
തലശ്ശേരി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തലശ്ശേരി അമൃത കോളജ് ഉടമ പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍(46), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഹില്‍വ്യൂവില്‍ ടിന്റു ബി ഷാജി(30) എന്നിവരെ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഏഴുവരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ തെളിവെടുപ്പിനായി പൊലിസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലാണ് ഹരജി നല്‍കിയത്.
കേരളത്തിനകത്തും പുറത്തുമുള്ള ഒരു ഡസനോളം സര്‍വകലാശാലകളുടെ ആയിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് അജയനും ടിന്റുവും ചേര്‍ന്ന് വിതരണം ചെയ്തതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമൃത കോളജിന്റെ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്ത ടെമ്പിള്‍ഗേറ്റ് സ്വദേശി വയലമ്പ്രം നജില്‍, വയനാട് സ്വദേശി ബിജു ദേവസ്യ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അജയന്റെ ആവശ്യപ്രകാരമാണ് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തതെന്നാണ് ഇവര്‍ പൊലിസിനു നല്‍കിയ മൊഴി.
ഇവരെ കൂടാതെ എറണാകുളം സ്വദേശിയായ ഒരാളെ കൂടി ചോദ്യം ചെയ്യാനായി പൊലിസ് വിളിച്ചുവരുത്തി. വെബ് ഡിസൈനറായ നജില്‍ പാലക്കാടാണ് ജോലി ചെയ്യുന്നത്. വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തതല്ലാതെ കുറ്റകൃത്യത്തിന്‍ നേരിട്ട് പങ്കാളിയല്ലാത്തതിനാല്‍ ഇയാളെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."