കാത്തിരുന്നത് അതിഥികളെ; മന്‍സീദിന്റെ വീട്ടിലെത്തിയത് എന്‍.ഐ.എ സംഘം
ചൊക്ലി: ഏക മകന് തീവ്രവാദ കേസില്‍ എന്‍.ഐ.എ സംഘത്തിന്റെ പിടിയിലായത് ഉള്‍ക്കൊള്ളാനാവാതെ പാനൂര്‍ അണിയാരം മദീന മന്‍സിലിലെ മഹമൂദ്. കടം കയറി പാതിവഴിയില്‍ പണി നിര്‍ത്തിയ വീട്ടില്‍ ഞായറാഴ്ച ഉച്ചയൂണിനു മകനായ മന്‍സീദിന്റെ സുഹൃത്തുകളെ കാത്തിരിക്കുന്നതിനിടെയാണ് മഹമൂദിന്റെ വീട്ടില്‍ എന്‍.ഐ.എ സംഘമെത്തിയത്. അഞ്ചുവര്‍ഷം മുന്‍പാണ് മന്‍സീദ് ഖത്തറിലേക്കു പോയത്. പരസ്യകമ്പനിയില്‍ ഒപ്പം ജോലിചെയ്തിരുന്ന ഫിലിപ്പീന്‍സുകാരിയായ മറിയത്തെ മൂന്നുവര്‍ഷം മുന്‍പ് വിവാഹം കഴിക്കുകയായിരുന്നു. പിന്നീടു ഖത്തറിലെ തന്നെ മറ്റൊരു കമ്പനിയിലേക്കു ജോലി മാറി.വെള്ളിയാഴ്ചയായിരുന്നു ഖത്തറില്‍ നിന്ന് മന്‍സീദും ഭാര്യയും വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ ഭാര്യയെയും കൂട്ടി മന്‍സീദ് മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിനില്‍ എറണാകുളത്തേക്കു പോയിരുന്നു. അര്‍ധരാത്രിയോടെയാണ് തിരിച്ചെത്തിയത്. സുഹൃത്തുകള്‍ വരുന്നുണ്ടെന്നും അവര്‍ക്ക് ഉച്ചയൂണ് വേണമെന്നും പറഞ്ഞാണ് രാവിലെ മന്‍സീദ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് പിതാവ് പറഞ്ഞു. ഖത്തറില്‍ നിന്ന് മകനെത്തിയ സന്തോഷത്തില്‍ ഉച്ചയൂണ് തയാറാക്കുന്നതിനിടെ അതിഥികളെ സ്വീകരിക്കാന്‍ കാത്തിരുന്ന മഹമൂദും കുടുംബവും വാതില്‍ തുറന്നപ്പോഴാണ് എത്തിയിരിക്കുന്നത് മകന്റെ സുഹൃത്തുക്കളല്ലെന്നും എന്‍.ഐ.എ സംഘമാണെന്നും അറിയുന്നത്. വീട്ടില്‍ കയറിയ സംഘം മന്‍സീദിന്റെ മുറിയില്‍ തെരച്ചില്‍ നടത്തി മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നാണ് മന്‍സീദിനെയും സുഹൃത്തുക്കളേയും തേടി കനകമലയിലെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് എന്‍.ഐ.എ സംഘം മന്‍സീദും സംഘവും കനകമലയില്‍ ഒത്തുചേരുന്നതിനിടെ വലയിലാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണു മന്‍സീദ്. മോന്താലില്‍ താമസിക്കവെ പോപ്പുലര്‍ ഫ്രണ്ടിന്റെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ചൊക്ലി പൊലിസില്‍ കേസ് നിലവിലുണ്ട്. മോന്താലിലായിരുന്ന ഇവര്‍ അഞ്ചുവര്‍ഷം മുമ്പാണു അണിയാരത്തേക്ക് താമസം മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."