ജില്ലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ചു
കല്‍പ്പറ്റ: പൊരുന്നന്നൂര്‍ ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോകടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പൂട്ടിയിട്ട് ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിനെതിരേ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ 11 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ഒ.പി വിഭാഗം ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചു. ഇത് നിരവധി രോഗികളെ വലച്ചു. ശനിയാഴ്ച ഉച്ചയോടെ മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിനെതിരേ ഡി.വൈ.എഫ്.ഐ നടത്തിയ ഉപരോധ സമരമാണ് ഡോക്ടര്‍മാരെ സമരത്തിനിറക്കിയത്.
ഒ.പി ടിക്കറ്റ് ചാര്‍ജ്ജ് രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായി വര്‍ധിപ്പിച്ചതിനെതിരെയും ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്താത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു ഡി.വൈ.എഫ്.ഐയുടെ ഉപരോധസമരം. എന്നാല്‍ ഇവര്‍ ആശുപത്രി ജീവനക്കാരെ വൈകുന്നേരം വരെ പൂട്ടിയിട്ടത് വന്‍ വിവാദമായിരുന്നു. സി.പി.എം പ്രതിനിധി ഉള്‍പ്പെടെയുള്ള ആശുപത്രി എച്ച്.എം.സി 15 ദിവസം മുമ്പ് വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് പുനപരിശോധിക്കാന്‍ തിങ്കളാഴ്ച യോഗം വിളിച്ചുചെര്ക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും സമരം അവസാനിപ്പിക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ പതിനൊന്നോളം ജീവനക്കാരെ സമരക്കാര്‍ മുറികളില്‍ അടച്ചിടുകയായിരുന്നു.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്ത് അഞ്ച് മണിയോടെ സമരം അവസാനിച്ച ശേഷമാണ് ഇവരെ പുറത്ത് വിട്ടത്. അടച്ചിട്ട മുറി തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരുക്കേറ്റ ഡോക്ടര്‍ പ്രിന്സിയുടെയും മറ്റു ജീവനക്കാരുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീക്ക്, വില്ലേജ് സെക്രട്ടറി മുഹമ്മദലി ഉള്‍പ്പെടെ 32 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടൊപ്പം സമരക്കാര്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷനിലും വനിതാകമ്മിഷനിലും പരാതി നല്‍കാനുമുള്ള തയാറെടുപ്പിലാണ് ഡോക്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."