അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി കര്‍ശനമാക്കി
നീലേശ്വരം: നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി കര്‍ശനമാക്കി. ബസ് സ്റ്റാന്‍ഡിനകത്തും പാര്‍ക്കിങ്ങ് നിരോധിത മേഖലകളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരില്‍ നിന്നും പിഴയും ഈടാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം പൊലിസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണു ഇതു സംബന്ധിച്ച തീരുമാനമായത്. ഇതിന്റെ ഭാഗമായി ഇന്നലെ നിരവധി ആളുകളില്‍ നിന്നും പിഴ ഈടാക്കി. അധികവും ഇരുചക്ര വാഹന ഉടമകളില്‍ നിന്നുമാണ് പിഴ ചുമത്തിയത്. എന്നാല്‍ 100 രൂപ മാത്രമാണ് പിഴ എന്നതിനാല്‍ തീരുമാനം എത്രമാത്രം വിജയകരമാകും എന്ന സംശയവുമുണ്ട്.
പാര്‍ക്കു ചെയ്ത വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുത്തതിനു ശേഷം ഉടമകളെ പൊലിസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന്റെ കൂടെ വാഹനത്തിന്റെ രേഖകളും പരിശോധിക്കുന്നുണ്ട്. മതിയായ രേഖകളില്ലാത്തവരില്‍ നിന്നും അതിന്റെ പിഴയും ഈടാക്കുന്നു.
അതേസമയം നീലേശ്വരം നഗരത്തില്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യമൊരുക്കാതെ അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി കര്‍ശനമാക്കിയതില്‍ വ്യാപകമായ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്. പാര്‍ക്കിങ്ങ് സൗകര്യമില്ലാത്തതു കൊണ്ടുതന്നെ നിലവില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണു പതിവ്. ഇതു പലപ്പോഴും ഗതാഗത തടസത്തിനും കാരണമാകാറുണ്ട്. പാര്‍ക്കിങ്ങിനു സൗകര്യമൊരുക്കേണ്ട നഗരസഭയാകട്ടെ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."