പശുക്കളിലെ വന്ധ്യത പരിഹരിച്ചു പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി
മുണ്ടൂര്‍: ജില്ലയില്‍ പശുക്കളിലെ വന്ധ്യത പരിഹരിച്ച് ക്ഷീരോത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പശുക്കളില്‍ വര്‍ധിച്ചുവരുന്ന വന്ധ്യതാരോഗം പരിഹരിക്കുന്നതിന് പ്രത്യേക ചികിത്സാ സംവിധാനവും ആരംഭിച്ചു.
ജില്ലയില്‍ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പശുക്കളില്‍ വന്ധ്യത വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍ ഇത് പാല്‍ ഉല്‍പാദനത്തെയും ദോഷകരമായി ബാധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടികള്‍.
വന്ധ്യതയുടെ മൂല കാരണം കണ്ടെത്തി അതിനുള്ള ചികിത്സകള്‍ ചെയ്തതിനു ശേഷം ഹോര്‍മോണ്‍ ഉപയോഗിച്ച് ചികിത്സിക്കുകയും തുടര്‍ന്ന് ബീജം കുത്തിവയ്ക്കല്‍ നടത്തുകയുമാണ് ചെയ്യുന്നത്. ചികിത്സയ്ക്ക് മുന്‍പ് വിരമരുന്ന്, ധാതുലവണ മിശ്രിതം എന്നിവയും പശുക്കള്‍ക്ക് നല്‍കും.
മുന്‍കാലങ്ങളില്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടന്ന ഗവേഷണങ്ങളില്‍ ഓവോസിങ്ക് എന്ന മദിചക്ര ഏകീകരണ ചികിത്സയാണ് ജില്ലയിലെ പശുക്കളില്‍ ഏറ്റവും ഫലപ്രദമായി കണ്ടത്. ചികിത്സിച്ച പശുക്കളില്‍ 75 ശതമാനത്തിലും ഫലപ്രദമായ, ഈ ചികിത്സാ രീതിയാണ് ഇത്തവണയും അവലംബിക്കുന്നത്.
പശുവൊന്നിന് വര്‍ഷത്തില്‍ ഒരു കിടാവ് എന്ന രീതിയില്‍ പ്രത്യുത്പാദനം നടത്തിയാലേ പശു വളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാകുകയുള്ളൂ. ഇതിനു തടസം നില്‍ക്കുന്ന പ്രധാന കാരണമാണ് പശുക്കളിലെ വന്ധ്യത.
ഗര്‍ഭാശയത്തിലുള്ള അണുബാധ, പോഷകാഹാരക്കുറവ് എന്നിവയാണ് പ്രധാനമായും വന്ധ്യതയ്ക്കു കാരണമാകുന്നത്. പട്ടാമ്പി, തൃത്താല, അനങ്ങനടി, മണ്ണൂര്‍, മങ്കര എന്നീ പഞ്ചായത്തുകളിലെ വെറ്ററിനറി സര്‍ജന്മാരുടെ സഹായത്തോടുകൂടി തെരഞ്ഞെടുക്കപ്പെട്ട പശുക്കള്‍ക്കാണ് ചികിത്സയുടെ ആദ്യഘട്ടം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."