സപ്ലൈകോ നെല്ലു സംഭരണം നാളെ മുതല്‍
പാലക്കാട്: സര്‍ക്കാര്‍ നടത്തിവന്നിരുന്ന നെല്ല് സംഭരണ പദ്ധതിയില്‍ ഉണ്ടായിരുന്ന പ്രതിസന്ധി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന നെല്ല് സംഭരണ പദ്ധതിയില്‍ സഹകരിക്കാതെ മാറിനിന്നിരുന്ന 52 സ്വകാര്യമില്ലുടമകള്‍ക്ക് ഉന്നയിച്ച ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിസന്ധി പരിഹരിച്ചത്.
കേരളത്തിലെ നെല്‍ കര്‍ഷകരില്‍ നിന്നും നെല്ലു സംഭരിക്കുകയും കിലോഗ്രാം 21.50 രൂപ നിരക്കില്‍ വില നല്‍കുകയും ചെയ്യുന്നതാണ് സംഭരണ പദ്ധതി. സംഭരിക്കുന്ന നെല്ല് മില്ലുകളില്‍ കൊടുത്ത് അരിയാക്കി മാറ്റുകയും കേന്ദ്ര സര്‍ക്കാരിന്റെ അരിവിഹിതത്തില്‍ പെടുത്തി പൊതുവിതരണ ശൃംഖലയില്‍കൂടി വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 14.10 രൂപ കിലോഗ്രാമിനു നല്‍കും. കൂടാതെ സംസ്ഥാന ബോണസ് ആയി 7.40 രൂപയും നല്‍കും. ഇതിനുവേണ്ടി കൈകാര്യ ചെലവായി മില്ലുടമകള്‍ക്ക് ക്വിന്റലിന് 138 രൂപ നല്‍കിയിരുന്നത് കഴിഞ്ഞ സര്‍ക്കാര്‍ 190 രൂപയാക്കി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന വിഷയത്തില്‍ ഉള്‍പ്പെട്ടതിനാല്‍ മില്ലുടമകള്‍ക്ക് പണം ലഭിച്ചിരുന്നില്ല. ഈ വിഷയത്തില്‍ മൂന്നു തവണ ചര്‍ച്ച നടന്നു എങ്കിലും തീരുമാനമായിരുന്നില്ല.
മില്ലുടമകള്‍ ഉന്നയിച്ച മറ്റു വിഷയങ്ങള്‍ പഠിക്കുവാന്‍വേണ്ടി കര്‍ഷകരുടെയും, മില്ലുടമകളുടെയും, സര്‍ക്കാരിന്റേയും, ഫുഡ്‌കോര്‍പ്പറേഷന്റേയും അടക്കം പ്രതിനിധികളെ ഉല്‍പ്പെടുത്തിയ കമ്മിറ്റി മൂന്നു മാസത്തിനകം പഠന റിപ്പോര്‍ട്ട് നല്‍കണം എന്ന് യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."