മറന്നുവച്ച രൂപയും സ്വര്‍ണാഭരണങ്ങളും രേഖകളും തിരിച്ച് നല്‍കി ഡ്രൈവര്‍ മാതൃകയായി
ആലുവ: യാത്രക്കാരന്‍ മറന്നുവച്ച രണ്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും രേഖകളും ഉടമക്കു തിരിച്ചു നല്‍കി ഡ്രൈവര്‍ മാതൃകയായി.
ആലുവ റെയില്‍വേ സ്റ്റേഷനിലെ ടാക്‌സി ഡ്രൈവര്‍ ആലുവ എസ്.എന്‍ പുരം സ്വദേശി ടി.ഇ സതീശനാണ് സത്യസന്ധത തെളിയിച്ചത്. തൊടുപുഴ മുതലക്കുളത്ത് അനീസ മന്‍സിലില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ മിഡ്‌നാപ്പൂര്‍ സ്വദേശി യാസിന്റെ സ്വര്‍ണവും രേഖകളുമാണ് തിരിച്ച് നല്‍കിയത്.
കഴിഞ്ഞ ദിവസം രാത്രി ഹൗറ തിരുവനന്തപുരം ട്രെയിനില്‍ യാസിന്‍, ഭാര്യ സാനിയ, മകള്‍ യാസ്മ എന്നിവര്‍ ആലുവയിലെത്തിയിരുന്നു. ഇവിടെ നിന്നും സതീശന്റെ ടാക്‌സിയിലാണു തൊടുപുഴയിലെ വീട്ടിലേക്കു പോയത്.
യാത്രക്കാരെ ഇറക്കിയ ശേഷം തിരികെയെത്തിയ ശേഷമാണ് സീറ്റില്‍ ഹാന്റ് ബാഗ് കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ സ്വര്‍ണവും രേഖകളും. തൊടുപുഴയിലേക്ക് ഓട്ടം വിളിച്ചവരുടേതാണ് ബാഗെന്നു സതീശന് ഉറപ്പുണ്ടെങ്കിലും ഇവരെ വിളിക്കാന്‍ മാര്‍ഗമില്ലായിരുന്നു. ഇതേതുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ ടാക്‌സി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫിസില്‍ ബാഗ് ഏല്‍പ്പിച്ചു.
എന്നാല്‍ ബാഗ് നഷ്ടമായത് യാസിന്റെ ശ്രദ്ധയില്‍പ്പെടുന്നത് അടുത്ത ദിവസം രാവിലെയാണ്. ട്രെയിനില്‍ മറന്നതാണെന്ന ധാരണയില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യാസിന്‍ വിവരം ടാക്‌സി ഡ്രൈവര്‍മാരോട് സൂചിപ്പിക്കുമ്പോള്‍, ഇവിടെ ബാഗ് പൊലീസില്‍ ഏല്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു സതീശനും സഹപ്രവര്‍ത്തകരും.
പിന്നീട് യാസിന്റെതാണ് ബാഗ് എന്ന് ഉറപ്പാക്കിയ ശേഷം വെല്‍ഫെയര്‍ ഓഫീസില്‍ വച്ച് സ്റ്റാന്റിലെ മുതിര്‍ന്ന അംഗം എം.എസ്. ആന്റണി ബാഗ് കൈമാറി. ഒരു മാല, രണ്ട് വള, മൂന്ന് മോതിരം, എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. തൊടുപുഴയില്‍ ഡ്രീം ഇന്റീരിയല്‍ ഡിസൈന്‍ സ്ഥാപനം നടത്തുകയാണ് യാസിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."