കൊച്ചി റിഫൈനറിയിലെ വാതക നിര്‍ഗമനം അപകടം ഒഴിവാക്കാന്‍ സ്‌ക്രബര്‍ പ്ലാന്റ് പ്രവര്‍ത്തനം ക്രമീകരിക്കണം: കലക്ടര്‍
കൊച്ചി: ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലെ പ്ലാന്റുകള്‍ ഷട്ട്ഡൗണിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ നേരിട്ട് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതു തടയാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു കലക്ടര്‍ മുഹമ്മദ് വൈസഫിറുള്ള നിര്‍ദേശം നല്‍കി.
വാതകങ്ങള്‍ സ്‌ക്രബറിലൂടെ കടത്തി വിടുക, പ്ലാന്റുകളുടെ പുനരാരംഭ പ്രക്രിയയില്‍ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണു കലക്ടര്‍ റിഫൈനറി മാനേജ്‌മെന്റിന് നല്‍കിയിരിക്കുന്നത്.
കുഴിക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൂട്ടികള്‍ വാതകം ശ്വസിച്ച് അവശനിലയിലായ സംഭവത്തെ കുറിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നിര്‍ദേശം. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലെ സി.ഡി.യു 3 എന്ന പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്ന പ്രക്രിയയിലാണു മാറ്റങ്ങള്‍ വേണ്ടി വരിക.
ഈ പ്ലാന്റില്‍ ആദ്യം ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റും തുടര്‍ന്നു വാക്വം ഡിസ്റ്റിലേഷന്‍ യൂനിറ്റുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വാക്വം ഡിസ്റ്റിലേഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുറച്ചു സമയത്തേക്കു ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളേണ്ടതുണ്ട്.
ഇതു ലോകമെമ്പാടും ഇത്തരം വ്യവസായശാലകളില്‍ അനുവര്‍ത്തിക്കുന്ന സാധാരണ രീതിയാണ്.
ഇത്തരത്തില്‍ പുറന്തള്ളിയ വാതകങ്ങള്‍ കാലാവസ്ഥയിലെ പ്രത്യേകത മൂലം കുഴിക്കാട് സ്‌കൂള്‍ മേഖലയില്‍ തങ്ങിനിന്നതാണ്, കുട്ടികള്‍ വാതകം ശ്വസിക്കാനും കുഴഞ്ഞു വീഴാനും ഇടയാക്കിയത്.
വാക്വം ഡിസ്റ്റിലേഷന്‍ യൂണിറ്റിന്റെ പ്രാരംഭ പ്രക്രിയ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ഇത്തരത്തില്‍ വാതക നിര്‍ഗമനം ഉണ്ടാകില്ല. എന്നാല്‍ ഷട്ട്ഡൗണിനു ശേഷം പ്ലാന്റ് പുനരാരംഭിക്കേണ്ടി വരുമ്പോള്‍ ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടി വരും. ഇതു മൂലമുണ്ടാകുന്ന പരിസരമലിനീകരണവും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനാണ് സ്‌ക്രബര്‍ ഏര്‍പ്പെടുത്തുക, തുടര്‍ന്ന് ഫ്‌ളെയര്‍ സ്റ്റാക്കിലൂടെ കടത്തി വിടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കലക്ടര്‍ നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."