എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ: എലിപ്പനക്കെതിരേ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 'ലെപ്‌ടോസ്‌പൈറ' എന്ന ബാക്ടീരിയ മൂലമാണ് രോഗങ്ങളുണ്ടാകുന്നത്. എലി, കന്നുകാലി, അണ്ണന്‍, മരപ്പട്ടി എന്നിവയുടെ മൂത്രം കലര്‍ന്ന മണ്ണ്, ജലം എന്നിവ വഴിയാണ് രോഗാണു ശരീരത്തിലെ മുറിവുകളിലൂടെയും നേര്‍ത്ത സ്തരങ്ങളിലൂടെയും പ്രവേശിക്കുന്നത്.
പനി, പേശി വേദന, തലവേദന, കണ്ണിനു ചുവപ്പ്, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് രോഗലക്ഷണങ്ങള്‍.
മലിജലത്തിലും മണ്ണിലും സമ്പര്‍ക്കമുണ്ടായാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എലികളുടെയും മറ്റു ജീവികളുടേയും മൂത്രമോ മലിമാക്കപ്പെട്ട മണ്ണോ മുറിവുള്ള ഭാഗങ്ങളില്‍ തട്ടാതെ സൂക്ഷിക്കുക.
മലിനമായ ജലത്തില്‍ കുളിക്കുകയോ കൈകാല്‍, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. ഭക്ഷണസാധനങ്ങള്‍ വീട്ടിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിയെ ആകര്‍ഷിക്കാതിരിക്കുക. പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ഓടകളും കനാലുകളും കുളങ്ങളും മറ്റും വൃത്തിയാക്കാനിറങ്ങുന്നവര്‍, മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍ തുടങ്ങിയവര്‍ കട്ടിയുള്ള കൈകാല്‍ ഉറകള്‍ ഉപയോഗിക്കുക. ആഴ്ചയിലൊരിക്കല്‍ പ്രതിരോധമരുന്ന് ഭക്ഷണശേഷം കഴിക്കണം.
എലിപ്പനിക്കുള്ള ചികിത്സയും പ്രതിരോധ മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും. പനി വന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നതും മറ്റൊരാള്‍ക്ക്പനി ചികിത്സയ്ക്കു ലഭിച്ച കുറിപ്പടി ഉപയോഗിച്ച് മരുന്നു വാങ്ങിക്കഴിക്കുന്നതും അപകടത്തിലേക്കു നയിക്കും. പനി വന്നാല്‍ സ്വയംചികിത്സയ്ക്കു മുതിരാതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുക.
എലിപ്പനി വരാനുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരും കൈകാലുകളില്‍ മുറിവുള്ളവരും വിവരം ഡോക്ടറെ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."