ഒ.ഡി.എഫ്: നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍
കൊല്ലം: ഒ.ഡി.എഫ് പദ്ധതി പ്രകാരം ജില്ലയില്‍ 88 ശതമാനം ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ പറഞ്ഞു. ഈ മാസ പത്തിനകം എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിച്ച് ജില്ലയെ വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു. ഒ .ഡി .എഫ് പദ്ധതി സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലയില്‍ 12777 ഗാര്‍ഹിക ശുചിമുറികളാണ് നിര്‍മിക്കേണ്ടത്. കഴിഞ്ഞ ദിവസം വരെ 11200 ശുചിമുറികള്‍ പൂര്‍ത്തീകരിച്ചു. ഇനി 1352 എണ്ണം മാത്രമാണ് പൂര്‍ത്തികരിക്കാനുള്ളത്. ഇതിനോടകം 52 ഗ്രാമ പഞ്ചായത്തുകള്‍ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. 68 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുളളത്. ഓച്ചിറ, ഇത്തിക്കര, കൊട്ടാരക്കര എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ നേരത്തെ ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ആയി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ശാസ്താംകോട്ട, മുഖത്തല ബ്ലോക്കുകളും ഈ നേട്ടം കൈവരിച്ചു. ചടയമംഗലം ബ്ലോക്കിലെ എട്ടില്‍ ഏഴ് പഞ്ചായത്തുകളും ഒ.ഡി.എഫ് ആയി. ഇനി ചിതറ മാത്രമാണ് ശേഷിക്കുന്നത്. ചിറ്റുമല ബ്ലോക്കിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ മണ്‍റോതുരുത്ത് ഒഴികെയുളള ആറ് ഗ്രാമ പഞ്ചായത്തുകളും ഒ.ഡി.എഫ് ആയി. ചവറ ബ്ലോക്കില്‍ നീണ്ടകര ഒഴികെയുളള നാലും വെട്ടിക്കവല ബ്ലോക്കിലെ മൈലം, വെട്ടിക്കവല ഒഴികെയുളള നാല് പഞ്ചായത്തുകളും ഒ.ഡി.എഫ് ആയി. പത്തനാപുരം ബ്ലോക്കില്‍ പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, പത്തനാപുരം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയിട്ടില്ല. ഇവിടെ വിളക്കുടി, തലവൂര്‍, പട്ടാഴി പഞ്ചായത്തുകള്‍ നേരത്തെ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."