ജസ്റ്റ് ഫുട്‌ബോള്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്
കൊച്ചി: ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് നടത്തുന്ന ഗ്രാസ് റൂട്ട് ലെവല്‍ പരിശീലനം ജസ്റ്റ് ഫുട്‌ബോള്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെ.എഫ്.എ) പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ അറിയിച്ചു.
എറണാകുളം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഫയുടെ 11 മില്യണ്‍ പ്രോഗ്രാമിനോടൊപ്പം ചേര്‍ത്ത് ജസ്റ്റ് ഫുട്‌ബോളിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. ഇതിലേക്കു യുനിസെഫിന്റെ സഹായത്തോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തും. ഒസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണു പദ്ധതി സജീവമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുകയാണു പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇതിനായി പല സംസ്ഥാനങ്ങളും പരിഗണിച്ചിരുന്നു.
ഒടുവിലാണു കെ.എഫ്.എയെ തിരഞ്ഞെടുത്തത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പദ്ധതി വ്യാപിപ്പിക്കുന്നതോടെ കുട്ടികള്‍ കൂടുതലായി ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കപ്പെടും.
കൊച്ചിയിലെ ഐ.എസ്.എല്‍ മല്‍സരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വൈകിട്ട് 6.30നാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഐ.എസ്.എല്‍ പോലെ വിപുലമായൊരു ടൂര്‍ണമെന്റ് വന്നതോടെ കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോള്‍ രംഗത്ത് ഉണര്‍വ് കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്ലബിനു വേണ്ട സാങ്കേതിക സഹായങ്ങള്‍ കെ.എഫ്.എ നല്‍കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളിലെ നിലപാടുകളെല്ലാം ബ്ലാസ്റ്റേസ് ക്ലബ് ഉടമകളാണ് എടുക്കുന്നത്. ആദ്യ മത്സരത്തിലേറ്റ തോല്‍വി ആരാധകരുടെ ആവേശം കുറച്ചിട്ടില്ലെന്നാണു ടിക്കറ്റ് വില്‍പന നല്‍കുന്ന സൂചന. കേരളത്തിന്‍ വ്യക്തിഗതമികവുള്ള ഒട്ടേറെ താരങ്ങളുണ്ട്. കളിക്കാര്‍ തമ്മിലുള്ള കോ ഓര്‍ഡിനേഷന്‍ ശരിയാവാത്തതാണ് ആദ്യ കളിയിലെ തോല്‍വിക്കു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."