പുലിയാണെന്ന് നാട്ടുകാര്‍; കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ്
കൊടുങ്ങല്ലൂര്‍: കഴിഞ്ഞദിവസം പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ ആടുകളെ ആക്രമിച്ചു കൊന്ന അജ്ഞാത ജീവിയെ കുറിച്ച് ആശയക്കുഴപ്പം.
ആക്രമിക്കപ്പെട്ട ആടുകളുടെ പരുക്കും പരിസരത്തെ കാല്‍പ്പാടുകളും പരിശോധിച്ച വനം വകുപ്പ് അധികൃതര്‍ അജ്ഞാത ജീവി കാട്ടുപൂച്ചയാണെന്ന നിഗമനത്തിലെത്തിയപ്പോള്‍ പുലിയാണെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ശാസ്ത്രീയമായ നിഗമനത്തിലൂടെയാണ് വനം വകുപ്പ് അധികൃതര്‍ കാട്ടുപൂച്ചയാണെന്ന നിഗമനത്തില്‍ എത്തിയത്. എന്നാല്‍ നിരന്തരമുണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുലിയാണെന്നതില്‍ നാട്ടുകാരും ഉറച്ചുനിന്നു.
രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണം. രണ്ടാഴ്ച മുന്‍പ് സമീപത്തെ ഖാലിദിന്റെ വീട്ടിലെ അഞ്ചു ആടുകളെ ഇതേ രീതിയില്‍ ആക്രമിച്ചുകൊന്നിരുന്നു. അന്ന് ആക്രമണം നടത്തിയത് കുറുക്കന്‍മാരാണെന്നായിരുന്നു വനം വകുപ്പിന്റെ നിഗമനം. വീണ്ടും സമാന രീതിയില്‍ ആടുകള്‍ ആക്രമിക്കപ്പെട്ടതോടെ പ്രദേശത്തുകാര്‍ ഭീതിയിലായിരിക്കുകയാണ്. നാട്ടുകാരുടെ ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോഴിക്കുളങ്ങര പ്രദേശത്ത് അജ്ഞാത ജീവിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാര്‍ മുന്‍കൈയെടുത്ത് ചിലയിടങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."