കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാട്ടിലെ ആദ്യ പോരാട്ടം ഇന്ന്
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറും. ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനോടു തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് വീഴ്ചകള്‍ തിരുത്തി സ്വന്തം ഗ്രൗണ്ടില്‍ മികച്ച പോരാട്ടം നടത്തി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ഇന്നു വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ ആദ്യ സീസണിലെ ചാംപ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് കൊമ്പന്മാരുടെ എതിരാളികള്‍.
കേരളത്തിന്റെ സ്വന്തം ടീമിനു ഊര്‍ജ്ജം നല്‍കാന്‍ കലൂര്‍ സ്റ്റേഡിയം മഞ്ഞക്കടലായി മാറ്റാനുള്ള ഒരുക്കത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. നാലു മലയാളി താരങ്ങള്‍ക്ക് ഇടം ലഭിച്ചിട്ടുണ്ടെങ്കിലും രണ്ടു പേര്‍മാത്രമേ ടീമിനൊപ്പം ചേര്‍ന്നിട്ടുള്ളൂ. മുഹമ്മദ് റാഫിയിലാണ് പ്രധാനമായും കേരളത്തിന്റെ ശ്രദ്ധ. കഴിഞ്ഞ സീസണില്‍ നാലു ഗോളുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് റാഫി മുന്നേറ്റ നിരയില്‍ വളരെ പ്രതീക്ഷ നല്‍കുന്നു. കെ പ്രശാന്താണ് മറ്റൊരു മലയാളി താരം. റിനോ ആന്റോയും സി.കെ വിനീതും എ.എഫ്.സി കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം മാത്രമേ ടീമില്‍ ചേരുകയുള്ളു.
അന്റോണിയോ ജെര്‍മെയ്ന്‍ പരുക്കു മൂലം വിശ്രമത്തില്‍ ആയിരുന്നതിനാല്‍ തയ്യാറെടുപ്പിനെ ബാധിച്ചിരുന്നു. 90 മിനുട്ടും കളിക്കുക എന്നത് ഈ നിലയില്‍ ജെര്‍മെയ്‌നു സാധ്യമല്ല. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരേ മുന്‍ നിരയില്‍ ബെല്‍ഫോര്‍ട്ടിനെയും അന്റോണിയോ ജെര്‍മെയ്‌നെയും ആയിരുന്നു ആദ്യ ഇലവനില്‍ ഇറക്കിയത്. ഈ കോമ്പിനേഷന്‍ ഇന്നു മാറ്റുവാനാണ് സാധ്യത. എന്നാല്‍ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ മുഹമ്മദ് റാഫിയെ നിലനിര്‍ത്തും.
പകരക്കാരായി വന്ന ഡിക്കന്‍സ്, മൈക്കല്‍ ചോപ്ര എന്നിവരില്‍ ഒരാളെ ആദ്യ ഇലവനില്‍ പരീക്ഷിക്കാനുള്ള സാധ്യതയും വ്യക്തമാണ്. അതേപോലെ പൂനെ എഫ്.സിയുടെ മുന്‍താരം തോങ്കോസിയം ഹാവോകിപ്പും മുന്‍നിരയിലെ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, വിനിത് റായ് എന്നിവരടങ്ങുന്ന മധ്യനിരയില്‍ മാറ്റത്തിനു സാധ്യത ഇല്ല. പ്രതിരോധ നിരയില്‍ ജിങ്കാന്‍, ആരോണ്‍ ഹ്യൂസ്, ഹെങ്ബാര്‍ട്ട് എന്നിവരും നിര്‍ണായക സാന്നിധ്യമായിരിക്കും. ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന്റെ സീറ്റും അരക്കിട്ടുറപ്പിച്ച നിലയിലാണ്.
സ്പാനിഷ് താരങ്ങള്‍ക്കാണ് കൊല്‍ക്കത്ത ടീമില്‍ മുന്‍തൂക്കമെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ദക്ഷിണാഫ്രിക്കക്കാരന്‍ സമീഗ് ദൗതി, പോര്‍ച്ചുഗല്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗ എന്നിവര്‍ ശക്തമായ സാന്നിധ്യങ്ങളാണ്. എന്നാല്‍ കൊച്ചി കാത്തിരിക്കുന്നത് ആദ്യ സീസണില്‍ ആവേശം വാരിവിതറിയ തങ്ങളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ എന്ന ഇയാന്‍ ഹ്യൂമിനെ കാണുവാനായിരിക്കും.
ഗുവാഹത്തിയിലെ ആദ്യ മത്സരത്തിനു ശേഷം കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ തൃപ്പൂണിത്തുറ ചോയ്‌സ് ഗ്രൗണ്ടില്‍ പരിശീലനത്തിനു ഇറങ്ങി.
അണ്ടര്‍ 17 ലോകകപ്പിനു കൂടി തയ്യാറെടുക്കുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ കൂടുതല്‍ കളികള്‍ അനുവദിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഇരു ടീമുകളുടെയും പ്രീ മാച്ച് പരിശീലനത്തിനു സ്റ്റേഡിയം വിട്ടുനല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."