നോര്‍ത്ത്ഈസ്റ്റിനു രണ്ടാം ജയം
ഗുവാഹത്തി: തുടര്‍ച്ചയായ രണ്ടാം ഹോം മത്സരത്തിലും വിജയം സ്വന്തമാക്കി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്. ആദ്യ കളിയില്‍ സ്വന്തം മണ്ണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തുരത്തി വിജയം സ്വന്തമാക്കിയ അവര്‍ ഇന്നലെ അതേ മണ്ണില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ എഫ്.സി ഗോവയേയും മലര്‍ത്തിയടിച്ചു. ഉറുഗ്വെ താരം എമിലിയാനോ ആല്‍ഫരോയുടെ ഇരട്ട ഗോള്‍ മികവില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വടക്കുകിഴക്കന്‍ ടീം ഗോവയെ കീഴടക്കിയത്. മത്സരത്തിന്റെ ഇരു പകുതികളിലുമായാണ് ആല്‍ഫരോ വല ചലിപ്പിച്ചത്.
കളിയുടെ തുടക്കം മുതല്‍ മികച്ച ആക്രമണങ്ങളുമായി നോര്‍ത്ത്ഈസ്റ്റ് തങ്ങളുടെ നയം വ്യക്തമാക്കി. 20ാം മിനുട്ടില്‍ തന്നെ അതിന്റെ ഫലവും അവര്‍ അനുഭവിച്ചു. ഗോവ പ്രതിരോധ താരം ലൂസിയോ കൊടുത്ത ബാക്ക് പാസ് ക്ലിയര്‍ ചെയ്യാന്‍ ഗോവന്‍ ഗോളി കട്ടിമണി ശ്രമിച്ചത് ആല്‍ഫരോയുടെ ദേഹത്ത് തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. 28ാം മിനുട്ടില്‍ മെയ്ല്‍സനു പകരമായി നോര്‍ത്ത്ഈസ്റ്റ് മാര്‍ക്വീ താരം സൊകോറോയെ കളത്തിലിറക്കി. മറുപടി ഗോളിനായി ഗോവ കിണഞ്ഞു ശ്രമിച്ചു. 29ാം മിനുട്ടില്‍ ജോഫ്രെയുടെ ഗോള്‍ ശ്രമം നോര്‍ത്ത്ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുബ്രതാ പാല്‍ വിഫലമാക്കി. 40ാം മിനുട്ടില്‍ ഗോളിനടുത്തെത്തിയ ഗോവന്‍ ശ്രമം. മന്ദര്‍ ദേശായിയുടെ പാസില്‍ നിന്നു റീഗന്റെ ഗോള്‍ ശ്രമവും സുബ്രതയെ ഭേദിക്കാനായില്ല. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് ജോഫ്രെയുടെ ഗോള്‍ ശ്രമവും ഫലം കണ്ടില്ല.
രണ്ടാം പകുതി തുടങ്ങി 58ാം മിനുട്ടില്‍ ഗോവയുടെ ഗോള്‍ നേടാനുള്ള ശ്രമം. ഇത്തവണയും സുബ്രത വന്‍മതിലായി നിന്നു. 62ാം മിനുട്ടില്‍ ആല്‍ഫരോയിലൂടെ നോര്‍ത്ത്ഈസ്റ്റ് വീണ്ടും മുന്നില്‍ കടന്നു. ചരന്‍ നര്‍സരി തള്ളിക്കൊടുത്ത പന്തുമായി വലത് മൂലയിലൂടെ ബോക്‌സിലേക്ക് കയറി ആല്‍ഫരോ കട്ടിമണിയുടെ കാലിനിടയിലൂടെ പന്ത് സുരക്ഷിതമായി വലയിലാക്കി. രണ്ടാം ഗോളും കട്ടിമണിയുടെ പിഴവായി മാറി. പിന്നീടും ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ ഇരു ഭാഗവും നടത്തിയെങ്കിലും ശ്രമങ്ങള്‍ ഫലവത്തായില്ല.
നോര്‍ത്ത്ഈസ്റ്റിനായി ബാറിനു കീഴില്‍ സുബ്രതാ പാല്‍ മിന്നും ഫോമിലായിരുന്നു. ഗോവയുടെ നിരവധി ഗോള്‍ ശ്രമങ്ങളാണ് സുബ്രത നിഷ്ഫലമാക്കിയത്. കഴിഞ്ഞ സീസണിലും ആദ്യ മത്സരത്തില്‍ ഗോവ പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നോര്‍ത്ത്ഈസ്റ്റ് ആറു പോയിന്റുമായി ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."