വാര്‍ഷിക പദ്ധതി: ഇനി അംഗീകാരം നേടാനുള്ളത് 74 തദ്ദേശ സ്ഥാപനങ്ങള്‍
മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി സമര്‍പ്പണം പൂര്‍ത്തിയായില്ല. 74 തദ്ദേശ സ്ഥാപനങ്ങളാണ് ഇനിയും അംഗീകാരം നേടാനുള്ളത്. ഒരു ബ്ലോക്ക് പഞ്ചായത്തും അഞ്ച് കോര്‍പറേഷനുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും 43 ഗ്രാമപഞ്ചായത്തുകളും 18 നഗരസഭകളുമാണ് അംഗീകാരം ലഭിക്കാത്തവ.
അതേസമയം പത്തനംതിട്ട, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഇതിനകം ഡി.പി.സി അംഗീകാരം നേടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇനി അംഗീകാരം നേടാനുള്ളത്. 111 തദ്ദേശസ്ഥാപനങ്ങളുള്ള തൃശൂര്‍ ജില്ലയിലെ 31 സ്ഥാപനങ്ങള്‍ ഇനിയും അംഗീകാരം നേടാനുണ്ട്. തിരുവനന്തപുരം(8), കൊല്ലം(2), ആലപ്പുഴ(2), ഇടുക്കി(1), ഏറണാകുളം(11), തൃശൂര്‍(31), പാലക്കാട്(3), മലപ്പുറം(2), കണ്ണൂര്‍(3) എന്നിങ്ങനെയാണ് അംഗീകാരം നേടാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകള്‍.
കണ്ണൂര്‍, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലാ പഞ്ചായത്തുകള്‍ അംഗീകാരം നേടിയപ്പോള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലാ പഞ്ചായത്തുകള്‍ക്ക് അംഗീകാരം നേടാനായിട്ടില്ല. 2016-17 വര്‍ഷത്തേക്കുള്ള വാര്‍ഷികപദ്ധതികള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങുന്ന പ്രവൃത്തിയാണ് ഇനിയും പൂര്‍ത്തിയാകാത്തത്. അവസാന തിയതി കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അംഗീകാരം നേടാനായിട്ടില്ല.
അതേസമയം കഴിഞ്ഞ മാസം ഒമ്പതിനുശേഷം വാര്‍ഷിക പദ്ധതി അംഗീകാരം നേടിയെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന കോഡിനേഷന്‍ സമിതിയുടെ തീരുമാനം അംഗീകാരം നേടാത്തവര്‍ക്ക് തിരിച്ചടിയാവും. സെപ്തംബര്‍ ഒന്‍പതിനു ശേഷവും 30 നും ഇടയില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങുന്ന സ്ഥാപനങ്ങളുടെ വിഹിതത്തില്‍ നിന്ന് അഞ്ച് ശതമാനം കുറവ് വരുത്താനും സെപ്തംബര്‍ 30ന് ശേഷമാണ് അംഗീകാരം വാങ്ങുന്നതെങ്കില്‍ തുകയുടെ 10 ശതമാനം വെട്ടിച്ചുരുക്കാനുമാണ് തീരുമാനം. നിശ്ചിത ദിവസത്തിനകം അംഗീകാരം നേടാത്തവര്‍ക്ക് ലക്ഷക്കണക്കിനു രൂപയാണ് ഇതുമൂലം നഷ്ടമാവുക. ഇതോടെ മുന്‍കൂട്ടി തയാറാക്കിയ പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."