കടല്‍ക്കറ മാറി; ബീച്ചിലെ കടലിന്റെ നിറം വീണ്ടും പൂര്‍വസ്ഥിതിയില്‍
കൊല്ലം: ഒടുവില്‍ കൊല്ലം ബീച്ചിലെ 'കടല്‍ക്കറ'യിലുള്ള ആശങ്കമാറി. കടല്‍വെള്ളത്തിനു പതിവ് നിറവും കൈവന്നു. ശനിയാഴ്ച മുതല്‍ തുടങ്ങിയ കടലിന്റെ നിറവ്യത്യാസത്തിനാണ് ഇന്നലെ മാറ്റമുണ്ടായത്. കൊല്ലം ബീച്ചിലും സമീപത്തെയും കടലിനായിരുന്നു പച്ചനിറം കാണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ കടല്‍വെള്ളം ചുവപ്പും പിന്നീട് വെളുത്ത നിറവുമായി. കടല്‍ക്കാറ്റിനു ചെറിയതോതില്‍ ദുര്‍ഗന്ധവും അനുഭവപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മണ്‍സൂണിനു ശേഷം തീരക്കടലില്‍ സാധാരണ കാണാറുള്ള 'കടല്‍ക്കറ' എന്ന പ്രതിഭാസമാണിതെന്നായിരുന്നു വിദഗ്ധ അഭിപ്രായം. മഴയ്ക്കുശേഷം കായലില്‍ നിന്ന് സസ്യങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ധാതുക്കള്‍ അടങ്ങിയ ജലം കടലിലേക്ക് ഒഴുകിയെത്തും. ഇതോടെ കടല്‍വെള്ളത്തിലെ അതിസൂക്ഷ്മ ആല്‍ഗകള്‍ പതിന്‍മടങ്ങ് വര്‍ധിക്കുന്നതിനാലാണ് പച്ചനിറം കാണപ്പെടുന്നത്.
മണ്‍സൂണിനുശേഷമുള്ള ഒരു മാസക്കാലം കൊല്ലം തീരത്ത് ഈ പ്രതിഭാസം പലപ്പോഴും കണ്ടുവരുന്നു. ആല്‍ഗ ക്രമാതീതമായി വര്‍ധിച്ചാല്‍ കടല്‍വെള്ളത്തിലെ ഓക്‌സിജന്‍ അനുപാതത്തില്‍ കുറവുണ്ടായി ഉപരിതല മത്സ്യങ്ങള്‍ ചാകാനിടയാകും. ചെകിളയില്‍ മൈക്രോ ആല്‍ഗകള്‍ കടന്ന് ശ്വാസോഛ്വാസം തടസപ്പെട്ടും മത്സ്യങ്ങള്‍ ചാകാം. മണ്‍സൂണ്‍ കാലത്ത് അടിയൊഴുക്ക് ശക്തമായതിനാല്‍ 'കടല്‍ക്കറ'പരമാവധി മൂന്നു ദിവസം മാത്രമെ നീണ്ടുനില്‍ക്കൂ. ആല്‍ഗകള്‍ അഴുകിനശിക്കുന്നതിനാലാണ് കടല്‍വെള്ളം ചുവപ്പു നിറമാകുന്നത്. എല്ലാ വര്‍ഷവും ഈ പ്രതിഭാസം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് അല്‍പം കൂടിയതോതിലായിരുന്നു. ആഫ്രിക്കന്‍ തീരങ്ങളില്‍ സാധാരണ കാണാറുള്ള റെഡ് ആല്‍ഗ പ്രതിഭാസത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാകാറുണ്ട്. അനിയന്ത്രിതമായ മലിനീകരണത്തെ തുടര്‍ന്നാണിതുണ്ടാകുന്നത്.
മുപ്പതു വര്‍ഷംമുമ്പ് വിഴിഞ്ഞം തീരക്കടലില്‍ ചെറിയതോതില്‍ റെഡ് ആല്‍ഗ പ്രതിഭാസം കാണപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ടോടെ കൂറ്റന്‍ കടലാമയുടെ ജഡം തീരത്ത് അടിഞ്ഞിരുന്നു. കടലിന്റെ നിറവ്യത്യാസം മൂലമാണ് കടലാമ ചത്തതെന്നായിരുന്നു അഭ്യൂഹം. ചിറകിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റതാണെന്ന് കണ്ടെത്തിയതോടെ ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കുടുങ്ങിയാണ് കടലാമ ചത്തതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."