മതമൈത്രിയുടെ പ്രതീകമായിരുന്ന ദേശാഭിമാനി
സ്വതന്ത്രഭാരതം ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ആയിരത്തിലേറെ വര്‍ഷങ്ങളായി നാനാജാതി മതവിഭാഗക്കാര്‍ ജീവിക്കുന്ന രാജ്യം ഇന്ന് അസഹിഷ്ണുതയുടെ കൊലവിളി ഉയരുകയാണ്.
മതപരമായ അസഹിഷ്ണുതയുടെ പേരില്‍ ഒരു കൂട്ടര്‍ വെറുപ്പും വിദ്വേഷവും കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. എഴുത്തുകാരും സാസ്‌കാരിക നായകന്മാരും സാധാരണക്കാരും കൊല ചെയ്യപ്പെടുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണു ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമരസേനാനിയുമായ എം.പി. നാരായണമേനോനെപ്പോലുള്ളവരുടെ സ്മരണ ദീപ്തമാകുന്നത്.
ഹിന്ദു-മുസ്‌ലിം സാഹോദര്യം, അചഞ്ചലമായ ദേശസ്‌നേഹം, സത്യസന്ധത എന്നിവയുടെ പ്രതീകമായിരുന്നു എം.പി. ഇന്നത്തെ മലപ്പുറം ജില്ലയില്‍ പുഴക്കാട്ടിരിയെന്ന മുസ്‌ലിംഭൂരിപക്ഷ പ്രദേശത്താണു ജനിച്ചതും ജീവിച്ചതും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മുസ്‌ലിംകളെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടായിരുന്നില്ല.
ഡച്ചുകാര്‍, ഇംഗ്ലീഷ്‌കാര്‍ തുടങ്ങിയവരുമായി മൂന്നുനൂറ്റാണ്ടോളം പടപൊരുതിയവരായിരുന്നു മാപ്പിളമാര്‍. ടിപ്പുവിനെ പരാജയപ്പെടുത്തി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മലബാര്‍ പിടിച്ചടക്കിയതോടെ മാപ്പിളമാരെ ഭരണത്തില്‍നിന്നു ഭൂമിയിലുള്ള അവകാശങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തി. ഈ മാറ്റം മാപ്പിളമാരും ഹിന്ദുക്കളും തമ്മിലുണ്ടായിരുന്ന മൈത്രിക്ക് കോട്ടം വരുത്തി. സാമുദായിക വൈരം വളര്‍ന്നു. 'വിഭജിക്കുക, ഭരിക്കുക' എന്ന തന്ത്രം ബ്രിട്ടീഷുകാര്‍ സമര്‍ത്ഥമായി നടപ്പിലാക്കുകയും ചെയ്തു.
ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രാധാ്യം ചെറുപ്പത്തില്‍തന്നെ എം.പി മനസ്സിലാക്കിയിരുന്നു. ഹിന്ദുസുഹൃത്തുക്കള്‍ എം.പിയെ ഒറ്റുകൊടുത്തപ്പോള്‍ മുസ്‌ലിം സുഹൃത്ത് മരണംവരെ എം.പി നാരായണമേനോനു വലംകൈയായി.
കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ എം.പി.യുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായിരുന്നു. മുസ്‌ലിം സുഹൃത്തുക്കളുടെകൂടെ ഭക്ഷണം കഴിക്കുന്നതിലും സഹവസിക്കുന്നതിലും വീട്ടുകാരുടെയും അധ്യാപകരുടെയും എതിര്‍പ്പുണ്ടായെങ്കിലും അദ്ദേഹം വകവച്ചില്ല. ഹിന്ദു-മുസ്‌ലിം ഐക്യത്തിലൂടെ മാത്രമേ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയാന്‍ സാധിക്കൂവെന്നു നാരായണ മേനോന്‍ വിശ്വസിച്ചു.
മാപ്പിളമാരെയും താണജാതിക്കാരെയും കോണ്‍ഗ്രസിലേയ്ക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ച നേതാക്കളായിരുന്നു എം.പിയും സുഹൃത്ത് കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും. 1920 ല്‍ മലബാര്‍ കുടിയാന്‍ സംഘം രൂപീകരിക്കപ്പെട്ടതോടെ എം.പിയും കട്ടിലശ്ശേരിയും ചേര്‍ന്നു കുടിയാന്‍ സംഘപ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രവര്‍ത്തനവും ഒന്നാക്കി. കോണ്‍ഗ്രസിന്റെ ജനകീയടിത്തറ വിപുലമാക്കാന്‍ എം.പിക്കും കട്ടിലശ്ശേരിക്കും സാധിച്ചു.
എം.പിയുടെ ഏറനാട് കോണ്‍ഗ്‌സ്-ഖിലാഫത്ത് പ്രവര്‍ത്തനം മാപ്പിളമാര്‍ക്ക് അദ്ദേഹത്തില്‍ വളരെ ആഴത്തിലുള്ള സ്‌നേഹവും വിശ്വാസവും വളര്‍ത്താനിടയാക്കി. ഖിലാഫത്ത് നേതാവെന്ന നിലയ്ക്കു മലബാറില്‍ ഹിന്ദു -മുസ്‌ലിം ഐക്യം വളര്‍ത്തിയെടുക്കാന്‍ എം.പിക്കു സാധിച്ചു. 1921 സപ്തംബര്‍ 10 ന് പട്ടാളനിയമപ്രകാരം എം.പിയെ അറസ്റ്റ് ചെയ്തു കൊലയാളിയെപോലെ കൈയിലും കാലിലും ചങ്ങലയിട്ടു പൂട്ടി മലപ്പുറംമുതല്‍ തിരൂര്‍വരെ 30 മൈലിലധികം റോഡിലൂടെ പട്ടാളം നടത്തിയപ്പോള്‍ എതിര്‍ക്കാനോ പ്രതിഷേധിക്കാനോ കോണ്‍ഗ്രസുകാര്‍ ധൈര്യപ്പെട്ടില്ല.
എന്നാല്‍, തങ്ങളുടെ പ്രിയപ്പെട്ട എം.പിയോടു കാണിച്ച ക്രൂരതയില്‍ മാപ്പിളമാര്‍ രോഷാകുലരായി. ഇതിനു പകരം വീട്ടുമെന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ചു. പ്രഖ്യാപനം നടപ്പാകുകയും ചെയ്തു. ഏറനാട്ടിലും വള്ളുവനാട്ടിലും പട്ടാളവും മാപ്പിളമാരും ഏറ്റുമുട്ടി.
കേസിന്റെ വിചാരണസമയത്ത് എം.പി കോടതിയില്‍ ഒപ്പിട്ടു നല്‍കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നുണ്ട്:
'മാപ്പിളവേഷം ധരിക്കുകയും മാപ്പിളമാരുമായി സഹവസിക്കുകയും അവരുമൊത്തു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കുറ്റമാണെങ്കില്‍ ഈ കുറ്റങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട് എന്നു സമ്മതിക്കുന്നു.'
ഖിലാഫത്തിനുവേണ്ടി പ്രവര്‍ത്തിച്ചതും ഗവണ്‍മെന്റിനെതിരേ പ്രവര്‍ത്തിച്ചതും രാജ്യദ്രോഹകുറ്റമാണെന്നായിരുന്നു ജഡ്ജിയുടെ വിധി. ജീവപര്യന്തം നാടുകടത്തുക എന്നതായിരുന്നു എം.പിക്കുള്ള ശിക്ഷ. കോയമ്പത്തൂര്‍, മദ്രാസ്, വെല്ലൂര്‍ ജയിലുകളി ലായിരുന്നു എം.പിയുടെ ജയില്‍വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."