സുരക്ഷ ഉറപ്പുവരുത്തണം സ്‌കൂള്‍ വാഹനങ്ങള്‍ക്ക്
മലപ്പുറം കോട്ടപ്പടിയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് ഇടിച്ചു മരിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ സിത്താര പര്‍വീനിന്റെ അനുസ്മരണച്ചടങ്ങു നടന്ന ദിവസംതന്നെ ജില്ലയിലെ ഊരകത്തും സ്‌കൂള്‍വാഹനാപകടത്തില്‍പ്പെട്ടു നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിത്താര പര്‍വീന്‍ ബസിനടിയില്‍പ്പെട്ടു ദാരുണമാംവിധം മരിച്ചത്. കുട്ടികളും പി.ടി.എ യോഗത്തിനെത്തിയ രക്ഷിതാക്കളും നിറഞ്ഞുനിന്ന സ്‌കൂള്‍ പരിസരത്തുവച്ചാണ് അശ്രദ്ധയോടെ വാഹനമോടിച്ചു ഡ്രൈവര്‍ അപകടം വരുത്തിയത്. സിത്താരയുടെ ജീവന്‍ പൊലിഞ്ഞുവെന്നു മാത്രമല്ല, രക്ഷിതാക്കളുള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിത്താരയുടെ മാതാവ് ഇന്നും ചികിത്സയിലാണ്.
ബ്രേക്ക് ഉപയോഗിച്ചതിലെ അപാകതയാകാം അപകടകാരണമെന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എയര്‍ ബ്രേക്ക് ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ അപകടസാധ്യതയേറെയാണ്. എയര്‍ബ്രേക്കായിരുന്നു സ്‌കൂള്‍ ബസിനുണ്ടായിരുന്നത്.
ഈ അപകടത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണു ഊരകം നെല്ലിപ്പറമ്പില്‍ സ്‌കൂള്‍വാന്‍ നിയന്ത്രണംവിട്ടു ചെങ്കല്‍ക്വാറിയിലേയ്ക്കു മറിഞ്ഞത്. പതിനഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് ഈ അപകടത്തില്‍ പരിക്കേറ്റത്. അമിതവേഗതയാണ് അപകടകാരണമെന്നു ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. റോഡില്‍ കുത്തനെ ഇറക്കവും വളവുമുള്ള സ്ഥലമാണു നെല്ലിപ്പറമ്പ്. ഈ വളവില്‍ത്തന്നെയാണു നെല്ലിപ്പറമ്പ് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ശ്രദ്ധാപൂര്‍വം വാഹനമോടിക്കേണ്ടയിടത്ത് സ്‌കൂള്‍വാഹനം കുതിച്ചുപായുകയായിരുന്നു. സ്‌കൂളിനരികെവച്ചുതന്നെ ഇത്തരമൊരു അപകടമുണ്ടാവണമെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടനെത്തന്നെ വളവും തിരിവും ഇറക്കവുമൊന്നും പരിഗണിക്കാതെ അമിതവേഗതയില്‍ ഓടിച്ചതാവാന്‍ തന്നെയാണു സാധ്യത. ജില്ലയിലെ താനൂരിലും ഇതേ ദിവസം സ്വകാര്യബസ് കച്ചവടസ്ഥാപനങ്ങളിലേയ്ക്കു പാഞ്ഞുകയറി വിദ്യാര്‍ഥികളടക്കമുള്ള ഇരുപതോളംപേര്‍ക്കു പരിക്കേറ്റിരിക്കുകയാണ്.
ജൂണില്‍ സ്‌കൂള്‍ തുറന്നതിനുശേഷം സംസ്ഥാനത്ത് ഒട്ടേറെ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നതു നിസ്സാരകാര്യമല്ല. അധ്യയന വര്‍ഷാരംഭത്തില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ചു സംസ്ഥാനത്ത് സ്‌കൂള്‍ ബസ് അപകടങ്ങളും സംഭവിച്ചു. മൂന്ന് അപകടത്തിലായി മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് അന്നു ജീവന്‍ നഷ്ടപ്പെട്ടത്. ഇതിലൊന്ന് വാഹനാപകടമായിരുന്നില്ലെങ്കിലും സ്‌കൂള്‍ അധികൃതരുടെ അനാസ്ഥതന്നെയായിരുന്നു കാരണം.
കൊല്ലം കൊട്ടിയത്തെ മുഖത്തല എം.ജി.ടി.എച്ച്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി നിശാന്ത് സ്‌കൂളിനകത്തെ മണ്‍തൂണ്‍ ഇടിഞ്ഞുവീണാണു മരിച്ചത്. ഈ വര്‍ഷം സ്‌കൂളില്‍ച്ചേര്‍ന്ന നിശാന്ത് ഉച്ചഭക്ഷണം കഴിഞ്ഞ് സഹപാഠികള്‍ക്കൊപ്പം ക്ലാസിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അത്യാഹിതം. സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതുപോലെത്തന്നെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ബലവും ഉറപ്പുവരുത്തേണ്ട ബാധ്യത സ്‌കൂള്‍ അധികൃതര്‍ക്കുണ്ട്. തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുപകരം കുട്ടികളെ അവിടെത്തന്നെ ഇരുത്തി പഠിപ്പിക്കുന്നത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയാണ്.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചെറുവണ്ണൂരില്‍ സ്‌കൂള്‍കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് എല്‍.കെ.ജി വിദ്യാര്‍ഥിനി ജന്‍ഷിറ മരിച്ചത്. വയനാട് വിളമ്പുംകണ്ടം പാറക്കടവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടാണ് സ്‌കൂള്‍ പ്രവേശനദിനത്തില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥി അലന്‍ മരിച്ചത്.
കുട്ടികളെ കുത്തിനിറച്ച് സ്‌കൂള്‍ വാഹനങ്ങള്‍ റോഡിലൂടെ ചീറിപ്പായുന്നത് ഭീതിജനകമായ കാഴ്ചയാണ്. അമിതവേഗതയ്‌ക്കെതിരേ നടപടിയെടുക്കേണ്ട അധികൃതര്‍ കണ്ണടയ്ക്കുന്നതുകൊണ്ടാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത്. സ്‌കൂള്‍ ബസുകള്‍ക്കു പുറമെ റൂട്ടിലോടുന്ന സ്വകാര്യ ബസുകളും വിദ്യാര്‍ഥികളുടെ ജീവനെടുക്കുകയോ അവര്‍ക്കു ഗുരുതരമായ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നുണ്ട്. ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ചുവപ്പുകണ്ട കാളയുടെ സ്വഭാവമാണ് ബസ് ഡ്രൈവര്‍മാര്‍ക്ക്. സ്റ്റോപ്പില്‍ നിര്‍ത്താതെ കുറേദൂരേയ്ക്കു മാറ്റിയേ ബസ് നിര്‍ത്തൂ.
വിദ്യാര്‍ഥികള്‍ ഓടിയെത്തുമ്പോഴേയ്ക്കും ബസ് മുന്നോട്ടെടുക്കും. കയറാനുള്ള ശ്രമത്തില്‍ കുട്ടികള്‍ താഴെവീണു പരിക്കേല്‍ക്കുന്നതു നിത്യസംഭവമാണ്. ഇതിനെതിരേയൊന്നും നടപടിയുണ്ടാകുന്നില്ല. ജീവനക്കാരില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ അധ്യയന വര്‍ഷാരംഭത്തില്‍ അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുമെങ്കിലും കുറേ കഴിയുമ്പോള്‍ കാര്യങ്ങള്‍ പഴയപടി ആകാറാണു പതിവ്.
സ്‌കൂള്‍വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കടലാസില്‍ വിശ്രമിക്കുകയാണ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വാഹനപരിശോധനയ്‌ക്കോ നടപടി സ്വീകരിക്കാനോ മോട്ടോര്‍ വാഹനവകുപ്പോ വിദ്യാഭ്യാസ വകുപ്പോ തയാറായിട്ടില്ല. ഈ അധ്യയനവര്‍ഷാരംഭത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പതിനേഴിന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നിര്‍ദേശങ്ങള്‍ പ്രത്യേക സര്‍ക്കുലറായി ഓഗസ്റ്റ് എട്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പള്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും അയച്ചു.
എന്നാല്‍, തുടര്‍നടപടികളൊന്നുമുണ്ടായില്ല. മലപ്പുറം കോട്ടപ്പടി ഹയര്‍ സെക്കന്ററി സ്‌കൂളിലും ഊരകത്തുമുണ്ടായ വാഹനാപകടത്തെ തുടര്‍ന്നു സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പ്രധാനാധ്യാപകനും മാനേജ്‌മെന്റിനുമെതിരേ നടപടിയുണ്ടാകുമെന്നു മലപ്പുറം ജില്ലാ കലക്ടര്‍ ഷൈനാമോളുടെ അറിയിപ്പു വന്നിരിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ നിയമമനുസരിച്ചു സ്‌കൂള്‍ അധികൃതര്‍ക്കും പ്രധാനാധ്യാപകര്‍ക്കുമെതിരെ രണ്ടുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുക. ഇതുവഴി മലപ്പുറം ജില്ലയിലടക്കമുള്ള സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും കാലപ്പഴക്കം ചെന്നതും സാങ്കേതികത്തകരാറുള്ളതുമായ വാഹനങ്ങള്‍ ഉപേക്ഷിക്കുമെന്നും അമിതവേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ ഒഴിവാക്കുമെന്നും പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."