മുഷി വളര്‍ത്തല്‍: സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തത് മാഫിയകള്‍ക്ക് സഹായമാവുന്നു
പാലക്കാട്: ജില്ലയിലെ കിഴക്കന്‍ മേഖലയിലെ കുളങ്ങളിലും കൃഷിയിടങ്ങളിലും വ്യാപകമായ തോതില്‍ ആഫ്രിക്കന്‍ മുഷി വളര്‍ത്തലിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്തത് വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍.
ഗ്രാമപഞ്ചായത്തുകള്‍ക്ക് പഞ്ചായത്ത് രാജ് ആക്ടിലെ 219 ജെ,എച് വകുപ്പനുസരിച് നടപടിയെടുക്കാം. അതാത് പഞ്ചായത്ത് ഭരണസമിതികള്‍, മുഷി വളര്‍ത്തുന്ന ലോബികളുടെ ഇടപെടല്‍ മൂലം നടപടി എടുക്കാന്‍ തയാറാവുന്നില്ല.
ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലിസ്,ഫിഷറീസ് വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇവയെ നിയന്ത്രിക്കാന്‍ പറ്റു. ഫിഷറീസ് വകുപ്പ് എലപ്പുള്ളി ,നല്ലേപ്പുള്ളി ,പുതുശേരി, മലമ്പുഴ പഞ്ചായത്തുകളില്‍ മുഷി വളര്‍ത്തുന്ന 7 പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെങ്കിലും നിയമപരമായി മറ്റു നടപടികള്‍ സ്വീകരിക്കാന്‍ കഴിയാറില്ല. പൊതു ജനാരോഗ്യത്തെ കരുതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ പൊലിസ് സഹായം തേടി നടപടി എടുക്കാന്‍ കഴിയുമെങ്കിലും, ഇതു വരെ ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കെ.വിജയദാസ് എം.എല്‍.എ ജില്ലാ വികസന സമിതി യോഗങ്ങളില്‍ ജില്ലയിലെ മുഷി വളര്‍ത്തല്‍കേന്ദ്രങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ആരോഗ്യ വകുപ്പ് നടപടി എടുക്കാന്‍ തയാറായിട്ടില്ല. പൊതുജന പരാതി ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇപ്പോഴും ആരോഗ്യവകുപ്പിനുള്ളത്.
2014 നവംബര്‍ നാലിന് പാലക്കാട് ആര്‍.ഡി.ഓ ജില്ലയില്‍ ആഫ്രിക്കന്‍ മുഷി വളര്‍ത്തുന്നത് നിരോധിച്ചു ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വളര്‍ത്തുന്നവര്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിച്ചു. പിന്നീട് ആര്‍. ഡി. ഓ കോടതിയിലേക്ക് കേസ് മാറ്റുകയും വിശദമായി അന്വേഷിച്ച് കേസ് തീര്‍പ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തു. കേസിപ്പോള്‍ ആര്‍. ഡി. ഓ കോടതിയില്‍ നടന്നു വരുകയാണ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഒന്നാം കക്ഷിയും, സര്‍ക്കാര്‍ രണ്ടാം കക്ഷിയുമാണ്.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഇനമാണ് ആഫ്രിക്കന്‍ മുഷി. അറവുശാലകളില്‍ നിന്നും, കോഴിക്കടകളില്‍ നിന്നും പുറംതള്ളുന്ന ഇറച്ചി മാലിന്യങ്ങളാണ് ഇവയ്ക്കു തീറ്റയായി നല്‍കുന്നത്. ഇന്ത്യയില്‍ ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര നടപടി ഇപ്പോഴും കേരളത്തില്‍ പ്രാവര്‍ത്തികമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."