വീട്ടമ്മയുടേത് മുങ്ങിമരണം തന്നെ; ദുരൂഹത തുടരുന്നു
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മരണം വെള്ളം ഉള്ളില്‍ച്ചെന്നാണെന്നു സ്ഥിരീകരണം. പക്ഷേ മരണം സംബന്ധിച്ച ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ലോ വകുപ്പില്‍നിന്ന് വിരമിച്ച പി.ടി.പി മഞ്ചാടിമൂട് സ്വദേശിനി രാധാമണി (65) യെയാണ് ദിവസങ്ങള്‍ക്കുമുമ്പ് സ്വന്തം വീട്ടിലെ ടെറസ്സില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വട്ടിയൂര്‍ക്കാവ് പൊലിസ് കേസെടുത്തിരുന്നു.
വാട്ടര്‍ടാങ്കിലെ വെള്ളവും രാധാമണിയുടെ ശരീരത്തിലെ ജലാംശംവും ഒന്നുതന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിവരെ വീട്ടിലുണ്ടായിരുന്ന ഇവരെ രണ്ടു മണിക്കാണ് ടാങ്കില്‍ മരിച്ചനിലയില്‍കണ്ടെത്തുന്നത്. ഒരുമണിക്കൂറിനുള്ളില്‍ രാധാമണി ടെറസ്സിലെത്തിയെന്നും വാട്ടര്‍ടാങ്കിനുള്ളില്‍ അകപ്പെട്ട് മുങ്ങിമരിച്ചുവെന്നും കരുതുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് പൊലിസ് പറയുന്നത്. ടാങ്കില്‍ അത്രപെട്ടെന്ന് ഇറങ്ങാനാകില്ല. ടാങ്കില്‍ നിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ ജലത്തിന്റെ അളവ് പരിശോധിക്കുന്നതിനായി കയറേണ്ട കാര്യവുമില്ല.
വീട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍നിന്നും സംശയിക്കത്തക്ക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലിസ് പറഞ്ഞു. വരുംദിവസങ്ങളില്‍ സംഭവത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസും പ്രദേശവാസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."