സഞ്ചാരികളുടെ മനംകവരും ഈ മീന്‍വല്ലം : തിരിച്ചറിവില്ലാതെ അധികാരികള്‍ സലീം കോണിക്കഴി
കല്ലടിക്കോട് : സംസ്ഥാന തലത്തില്‍തന്നെ അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നാണ് മീന്‍വല്ലം. കല്ലടിക്കോടന്‍ മലമടക്കുകള്‍ക്കിടയില്‍ പ്രകൃതിയെ മനോഹരമാക്കി, കാഴ്ചക്കാര്‍ക്ക് ഹര്‍ഷാരവമായി, ശബ്ദ മുഖരിതമായി ഒഴുകുകയാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍.
അതിനോട് ചേര്‍ന്ന് പവര്‍ സ്റ്റേഷന്‍. ആരും ആസ്വദിക്കാന്‍ ആഗ്രഹിച്ചു പോകുന്ന മനോഹാരിത. അതിലുപരി വന്യ മൃഗങ്ങളെ നേരില്‍കാണാന്‍ ഭാഗ്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും. മീന്‍വല്ലത്തിന്റെ ഈ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ധാരാളം സന്ദര്‍ശകരാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. പക്ഷേ സന്ദര്‍ശകരെ ഉള്‍കൊള്ളാന്‍ മാത്രം വിശാലതയും സൗകര്യങ്ങളുമില്ലാത്തതാണ് ഈ സൗന്ദര്യ റാണി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ പാലക്കാട് നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കരിമ്പ പഞ്ചായത്തിലെ തുപ്പനാട് ബസ് സ്റ്റോപ്പിനടുത്ത് നിന്നും വലതു വശത്തോട്ട് തിരിഞ്ഞ് പോകുന്ന ചെറിയ പാത കല്ലടിക്കോടന്‍ മലയിലേക്കുള്ളതാണ്. ഇതിലൂടെ എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം മീന്‍ വല്ലത്തെത്താന്‍.
ഇടുങ്ങിയ ദുര്‍ഘടം പിടിച്ച റോഡായതിനാല്‍ യാത്ര വളരെ ദുസ്സഹമാണ്. പാറക്കല്ലുകളും കുന്നും മേടും യഥേഷ്ടം ഉള്ളതിനാല്‍ ജീപ്പ് പോലെയുള്ള സാധാരണ വാഹനങ്ങള്‍ മാത്രമേ ഇതിലൂടെയുള്ള യാത്രക്ക് പറ്റുകയുള്ളൂ. എന്നാലും അര കിലോമീറ്ററോളം നടക്കണം. കല്ലടിക്കോട് നിന്നും ഇറിഗേഷന്‍ റോഡ് വഴിയും യാത്ര ചെയ്യാം. അതിന്റേയും അവസ്ഥ മറ്റൊന്നല്ല. ഇറിഗേഷന്റെയും വനം വകുപ്പിന്റെയും കീഴിലുള്ള റോഡുകളുടെ അവസ്ഥ മിക്ക സ്ഥലങ്ങളിലും ഇങ്ങനെ തന്നെയാണ്.
ജില്ലയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് വലിയ മനോഹാരിതയാണ് മീന്‍വല്ലത്തിനുള്ളത്. എന്നാല്‍ ഇവിടുത്തെ സൗന്ദര്യങ്ങള്‍ക്കനുസൃതമായി ടൂറിസ്റ്റുകള്‍ എത്തിപ്പെടുന്നില്ല എന്നതിന് കാരണങ്ങളേറേയുണ്ട്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനാവശ്യമായ ഒരു അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നതുതന്നെയാണ് പ്രധാന കാരണം. എത്തിപ്പെടാല്‍ തന്നെ വലിയ ഒരു സാഹസമാണ്. കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കേണ്ടി വരുമ്പോള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ കുറ്റിക്കാടുകളെയും പുഴയോരത്തെയും സമീപിക്കണം. അതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയാസം. ഭക്ഷണം കഴിക്കണമെങ്കില്‍ എട്ടു കിലോമീറ്റര്‍ ഇപ്പുറത്ത് നിന്നും വാങ്ങി കരുതിയിരിക്കണം.
മീന്‍ വല്ലം വെള്ളച്ചാട്ടങ്ങള്‍ അവസാനിക്കുന്ന സ്ഥലത്ത് നിന്നാണ് തുപ്പനാട് പുഴയുടെ ഉത്ഭവം.പുഴക്ക് പാലമില്ലാത്തത് കൊണ്ട് വാഹനം നിറുത്തി നടന്നുവേണം അവിടേക്ക് എത്തിപ്പെടാന്‍. വനം വകുപ്പിന്റെ അധീനതയിലുള്ള ഇവിടെ സന്ദര്‍ശകരില്‍ നിന്നും ഫീസ് ഈടാക്കുന്ന വനം വകുപ്പ് ആവശ്യമായതൊന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്.
പ്രകൃതി രമണീയമാണെങ്കിലും വലിയ അപകട മേഖല കൂടിയാണ് മീന്‍വല്ലം വെള്ളച്ചാട്ടങ്ങള്‍. വനത്തിലും അതിര്‍ത്തിയിലുമായി ഏഴ് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. വനം പ്രദേശത്ത് 2025 അടി ഉയരവും 1520 അടി താഴ്ചയുമുണ്ട്. ഏകദേശം അത്രതന്നെ ജനങ്ങള്‍ എത്തിപ്പെടുന്ന ഭാഗത്തെ വെള്ളച്ചാട്ടങ്ങളിലും താഴ്ചയുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടേതുമടക്കം ധാരാളം ജീവനുകള്‍ ഇവിടെ പൊലിഞ്ഞതിനാല്‍ ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തി ജാഗ്രത പുലര്‍ത്തുന്നുണ്ട് വനം വകുപ്പ്. ഏറെ കാലങ്ങളായി സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്ന മീന്‍വല്ലം ജലവൈദ്യുത പദ്ധതി നടപ്പിലാകാതെ വന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്താണ് പദ്ധതി നിര്‍വഹിച്ചത്.
പരിസരങ്ങളിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടു കൂടിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2014 ഓഗസ്റ്റിലാണ് ഇത് നാടിന് സമര്‍പ്പിച്ചത്. 22 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഈ ചെറുകിട ജല വൈദ്യുത പദ്ധതി സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നടപ്പിലായ ആദ്യത്തെ പദ്ധതി കൂടിയാണ്.1.30കോടി യൂനിറ്റിലേറെ വൈദ്യുതി ഇതുവഴി ഉത്പാതിപ്പിച്ച് കഴിഞ്ഞു. പരിസരത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ഇത് ഏറെ സഹായകമായിട്ടുണ്ട്. വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപമുള്ള തുപ്പനാട് പുഴയുടെ മുകളില്‍ പാലം നിര്‍മ്മിക്കാന്‍ കൂടി ജില്ലാപഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്.
വനം വകുപ്പുമായി സഹകരിച്ചാണ് പാലം നിര്‍മ്മിക്കുക. അതോടൊപ്പം ഏത് വാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന റോഡും സമീപത്ത് ശൗച്യാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടിയായാല്‍ മീന്‍വല്ലം ജില്ലയിലെ ഒന്നാംതരം ടൂറിസ്റ്റ കേന്ദ്രവും, സംസ്ഥാനത്ത് അറിയപ്പെട്ട പറുദീസയുമായി മാറും. ഒരു കാലത്ത് ഇവിടെ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ വല്ലം നിറയെ മീന്‍ കൊണ്ട് തിരിച്ച് വരുമായിരുന്നത്രെ. അതുകൊണ്ടാണ് മീന്‍വല്ലം പേര് വരാന്‍ തന്നെ കാരണമെന്ന് പഴമക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."