ചെര്‍ക്കളയില്‍ കത്തിച്ചു നാറ്റിക്കല്‍..!
ചെര്‍ക്കള: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കരുതെന്ന നിര്‍ദേശം പരിഗണിക്കുക കൂടി ചെയ്യാതെ ചെര്‍ക്കള നഗരത്തില്‍ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നു. ചെര്‍ക്കള നഗരത്തില്‍ നിന്നും കവലകളില്‍നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡരികിലും പൊതുസ്ഥലങ്ങളിലും കുട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്.
ഗ്യാസ് ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയ പാതയിക്കരികില്‍ പകല്‍ സമയത്ത് പോലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാണ്. ഇതില്‍ നിന്നും ആളിപ്പടരുന്ന തീയും പുകയും വന്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. നഗരത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന രൂക്ഷ ഗന്ധമാണ്.
ടൗണിലെ കടകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യമാണ് ചെര്‍ക്കള ദേശീയ പാതയൊരത്ത് യാത്രക്കാരെയും പരിസരവാസികളെയും ഒരു പോലെ ദുരിതത്തിലാക്കി കത്തിച്ചു കളയുന്നത്.
പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാല്‍ ശ്വാസകോശ അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ പിടികൂടാന്‍ സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പുകയുടെയും മാലിന്യത്തിന്റെയും രൂക്ഷഗന്ധം കാരണം ടൗണിലെയും സമീപ പ്രദേശങ്ങളിലും ജനജീവിതം തന്നെ ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്. മാലിന്യം തള്ളാന്‍ മറ്റൊരു സ്ഥലമില്ലാത്തതിനാല്‍ ഇവിടെ വച്ചുതന്നെ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. മാലിന്യ സംസ്‌കരണത്തിന് പദ്ധതികള്‍ നടപ്പിലാക്കാനോ മരണം വിതയ്ക്കുന്ന ഇത്തരം നടപടികള്‍ തടയാനേ അധികൃതര്‍ തയാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."