മദ്യ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ഒ.പി രാമന്‍ റോഡില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മദ്യം യഥേഷ്ടം തിരഞ്ഞെടുക്കാന്‍ സൗകര്യമുള്ള മദ്യ സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങിയ ഇന്നലെ വന്‍ പ്രതിഷേധവും ധര്‍ണയും പ്രദേശവാസികളും മദ്യനിരോധന സമിതിയും സംഘടിപ്പിച്ചു.
നഗരസഭയുടെ ഡി.എല്‍.ഒ ലൈസന്‍സ് ഇല്ലാതെയാണ് മദ്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നതും വിവാദത്തിനിടയാക്കി. ഇതോടെ ഇന്നലെ തുടങ്ങേണ്ടിയിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് തല്‍ക്കാലം അടഞ്ഞുതന്നെ കിടന്നു. എന്നാല്‍ നടപടിക്രമങ്ങളെല്ലാം നിയമപരമായി പൂര്‍ത്തിയതാക്കിയതാണെന്നും പൊലിസ് സംരക്ഷണയോടെ ഇന്ന് സൂപ്പര്‍മാര്‍ക്കറ്റ് തുറക്കുമെന്നുമാണ് അധികൃതരുടെ നിലപാട്. മദ്യവില്‍പനശാലയോട് ചേര്‍ന്ന് മുകള്‍ നിലയിലായാണ് സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. പാവമണി റോഡില്‍ മീറ്ററുകള്‍ മാത്രം അകലെ മൂന്ന് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഇവിടുത്തെ ഔട്ട്‌ലറ്റ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയത്.
നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമര പരിപാടികള്‍ നടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മെഡിക്കല്‍ കോളജുകളിലേക്ക് പോകുന്ന ആംബുലന്‍സ് വാഹനങ്ങള്‍ പലപ്പോഴും ഇതുവഴിയാണ് പോകാറുള്ളത്. ഇതേസമയം ഈ മാസം ഏഴാം തിയതിയോടെ കൂടുതല്‍ സ്റ്റോക്കെത്തിച്ച് സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ബെവ്‌കോ അധികൃതര്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."