സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് തുടക്കം യുദ്ധം രാഷ്ട്രീയ ആയുധമാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം: ആനത്തലവട്ടം
കോഴിക്കോട്: പാകിസ്താനുമായുള്ള ഇന്ത്യയുടെ യുദ്ധം രാഷ്ട്രീയ ആയുധമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ കശ്മിരിലെ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രശ്‌നപരിഹാരമാണ് ആവശ്യം. യുദ്ധത്തെ അനുകൂലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ ബലത്തില്‍ മതത്തിന്റെ പേരിലുള്ള വിഭാഗീയത വളര്‍ത്തിയെടുത്ത് ഭരണം നിലനിര്‍ത്താമെന്ന വ്യാമോഹത്തിലാണ് എന്‍.ഡി.എ സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ ലോക മുതലാളിത്തത്തിന് ഇന്ത്യയില്‍ കടന്നുകയറാനുള്ള പാത തുറന്നുകൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വി.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. എം. ഭാസ്‌കരന്‍ രക്തസാക്ഷി പ്രമേയവും പി. ശ്രീധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി പി. നന്ദകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ജനറല്‍ സെക്രട്ടറി ടി. ദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കാട്ടാക്കട ശശി, കൂട്ടായി ബഷീര്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ടി.പി ബാലകൃഷ്ണന്‍ നായര്‍, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സി.പി സുലൈമാന്‍ സ്വാഗതം പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കെ. ദാസന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, കെ. ചന്ദ്രന്‍ മാസ്റ്റര്‍, പി. വിശ്വന്‍ പങ്കെടുത്തു.
സമ്മേളനം ഇന്നും നാളെയും തുടരും. പ്രതിനിധി സമ്മേളനം ഇന്ന് അഞ്ചിന് സമാപിക്കും. നാളെ വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."