തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി; കാവല്‍ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു
ചെന്നൈ; മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നത് തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും ജയലളിതയുടെ തോഴിയുള്‍പടെയുള്ളവരുമാണ് നിലവില്‍ ഭരണത്തെ നിയന്ത്രിക്കുന്നത്. ജയലളിത സുഖം പ്രാപിച്ച് തിരിച്ച് വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉന്നയിക്കുന്നു.
കാവേരി നദി ജലതര്‍ക്കവും തദ്ദേശ തിരഞ്ഞെടുപ്പും തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുമ്പോഴും ജയലളിതയുടെ അനാരോഗ്യം മുഖ്യ ഭരണ കക്ഷിയായ അണ്ണാ ഡി.എം.കെയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പാര്‍ട്ടിയിലെ ഏകാധിപതിയായി തുടരുന്ന ജയലളിതക്ക് പകരമായി രംഗത്ത് വരാന്‍ നേതാക്കള്‍ തയ്യാറല്ല എന്നതാണ് തമിഴ് രാഷ്ട്രീയത്തിലെ നിലവിലെ ഭരണ പ്രതിസന്ധിക്ക് മുഖ്യകാരണം. മുമ്പ് ജയലളിത ജയില്‍ വാസം അനുഭവിച്ചപ്പോള്‍ പാര്‍ട്ടിയിലെ ജയലളിതയുടെ അടുത്ത അനുയായി ആയ പനീര്‍ശെല്‍വത്തെ പകരം മുഖ്യമന്ത്രിയാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ജയലളിത പകരം ഒരാളെ നിയമക്കാത്തതാണ് മറ്റു നേതാക്കള്‍ക്ക് പകരം രംഗത്ത് വരാത്തതിന് കാരണം.
ജയലളിത ആശുപത്രിയിലായിട്ട് 12 ദിവസം പിന്നിടുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജയലളിതയുടെ രോഗം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് എ ഐ ഡി എം കെ നേതൃത്വം അവകാശപ്പെടുന്നത്. കാവേരി തര്‍ക്കത്തില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ യഥാസമയം മുന്നോട്ടുവെക്കാന്‍ കഴിഞ്ഞത് അതിന് തെളിവായി അവര്‍ ഉന്നയിക്കുകയും ചെയ്യുന്നു.
നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനാണ് ഭരണചക്രം തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ കാര്യങ്ങള്‍ ജയലളിതയുടെ ഉറ്റ തോഴി ശശികലയുടെ കൈകളിലാണെന്നും പറയപെടുന്നു. എന്നാല്‍ സംസ്ഥാനം നാഥനില്ലാത്ത നിലയിലായെന്നും കാവല്‍ മുഖ്യമന്ത്രിയെ നിയമിക്കണമെന്നും ഡിഎംഡികെ നേതാവും ചലച്ചിത്ര നടനുമായ വിജയകാന്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രവും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നാണ് പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി ഹരജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ജയലളിതയുടെ ആരോഗ്യം സുഖപ്പെടുന്നതുവരെ ഒരു ഇടക്കാല മുഖ്യമന്ത്രിയെ നിയമിക്കണമെന്നും രമസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിത ശ്വസിക്കുന്നതെന്നും അണുബാധ കുറയ്ക്കാനുള്ള മരുന്നുകള്‍ തുടരുന്നതായും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറക്കിയിരുന്നു.
ലണ്ടനില്‍നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ബീലിന്റെ നേതൃത്വത്തിലാണ് ചികിത്സ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."