HOME
DETAILS

ജ്ഞാനിയായ സൂഫി

  
backup
May 09 2016 | 06:05 AM

%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%b8%e0%b5%82%e0%b4%ab%e0%b4%bf
ഒരു ജ്ഞാനിക്കുണ്ടാകേണ്ട ഏറ്റവും പ്രാഥമികമായ അറിവാണ് ഭൗതിക ലോകത്തിന്റെയും ക്ഷണികമായ ജീവിതത്തിന്റെയും നിറങ്ങളെക്കാള്‍ നാളെ അഭിമുഖീകരിക്കാന്‍ പോകുന്നതാണു മുഖ്യം എന്നത്. പ്രവാചകന്മാരും അവരുടെ അനന്തരാവകാശികളായ പണ്ഡിതന്മാരും ഭൂമിയില്‍ പതിപ്പിച്ച പാടുകളില്‍ തെളിയുന്ന ജീവിത ദര്‍ശനം അതായിരുന്നു. കണ്ണില്‍ കാണുന്ന നിറങ്ങളെക്കാള്‍ പൊലിവ് ഹൃദയം കൊണ്ടു കാണുന്ന ലോകത്തിനു കല്‍പ്പിച്ച അത്തരം ജ്ഞാനികളുടെ വഴിയില്‍ ചുവടുതെറ്റാതെ നടന്ന പണ്ഡിതനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍. ജീവിതത്തിന്റെ എല്ലാനിലയിലുള്ള താല്‍പര്യങ്ങളോടും പുറംതിരിഞ്ഞ് ഒരു ജ്ഞാനിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോയക്കുട്ടി മുസ്‌ലിയാര്‍ ഒരു കാലഘട്ടത്തിന്റെ വെളിച്ചമായി നിലകൊണ്ടു. ഒരു ജനത ആ വെളിച്ചത്തിനു താഴെ വന്ന് ജീവിതത്തിന്റെ പുതിയ നേരുകള്‍ പകര്‍ത്തിയെടുത്തു. ആ നേരുകളിലാണു നമ്മള്‍ കഴിയുന്നതെന്ന അനുഭവം നമുക്കു സുരക്ഷയും ഊര്‍ജവും തന്നു. ഇപ്പോള്‍, വെളിച്ചം കണ്ണില്‍ നിന്നു മറഞ്ഞിരിക്കുന്നു. ഇനി, അതു കാണാമറയത്തിരുന്ന് രശ്മികളായി നമ്മെ നനയ്ക്കും. ജീവിതത്തിന്റെ ആര്‍ത്തികളെ തിരസ്‌കരിക്കാന്‍ പോന്നതായിരിക്കും ആ തലോടല്‍. വലിയ മനുഷ്യര്‍ കുട്ടിക്കാലം മുതല്‍ രൂപപ്പെട്ടു വരുമെന്നു പറയാറുണ്ട്. അത് കോയക്കുട്ടി മുസ്‌ലിയാരുടെ ജീവിതത്തില്‍ നൂറുശതമാനം ശരിയായിരുന്നു. തന്റെ വഴി സ്വയം തിരഞ്ഞെടുക്കുകയും അതില്‍ കൈപിടിക്കേണ്ടവരെ സ്വയം കണ്ടെത്തുകയും ചെയ്ത് ഉസ്താദ് ചെറിയ നാളിലേ വലിയ മനുഷ്യനായി. നാട്ടിലെ ഓത്തുപള്ളിയില്‍ നിന്നും സ്‌കൂളില്‍ നിന്നും പ്രാഥമിക പഠനം കഴിഞ്ഞു വിവിധ പള്ളികളില്‍ നടക്കുന്ന മതപഠനങ്ങളില്‍ ഒന്നും രണ്ടും വര്‍ഷം കിതാബ് പഠിച്ചു ചെറുപ്പം മുതല്‍ കേട്ടറിഞ്ഞ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അടുത്തു പോയി. അറിവിന്റെ പ്രഭകൊണ്ടു ലോകം സഞ്ചരിച്ച പ്രസിദ്ധമായ പൊന്നാനി ജുമുഅത്ത് പള്ളിയിലായിരുന്നു കണ്ണിയത്ത് ഉസ്താദ് മതാധ്യാപനം നടത്തിക്കൊണ്ടിരുന്നത്. ചെന്നു കയറിയപ്പോള്‍ കണ്ണിയത്ത് ഉസ്താദ് അവിടെ കിതാബ് ഓതിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. നടന്നും ഇരുന്നും കിടന്നുമെല്ലാം ഉസ്താദ് കുട്ടികള്‍ക്കിടയില്‍ അറിവിന്റെ നദിയൊഴുക്കുന്നു. കോയക്കുട്ടി എന്ന പതിനാലുകാരന്‍ ആ പഴയ തൂണിന്റെ പിറകില്‍ ക്ലാസ് കഴിയുവോളം പതുങ്ങി നിന്നു. കഴിഞ്ഞപ്പോള്‍ ചെന്നു. എത്രയോ കാലമായി കേള്‍ക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന വലിയ മനുഷ്യനു മുന്‍പിലാണു നില്‍ക്കുന്നത്. എന്തിനാണു വന്നതെന്ന ചോദ്യത്തിനു മുന്‍പില്‍ ഓതാന്‍ വന്നതാണെന്നു മറുപടി. എന്താണ് ഓതേണ്ടതെന്ന് അടുത്ത ചോദ്യം. ജംഉല്‍ ജവാമിയും മഹല്ലിയും ഖുത്വുബിയും ഓതണമെന്നു പറഞ്ഞു. എല്ലാം ശരിയാണ്. പക്ഷേ, ദൈനംദിന ഭക്ഷണത്തിനു മാര്‍ഗമില്ല. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന എഴുപതോളം വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇപ്പോള്‍ ഭക്ഷണം കൊടുക്കാനാകൂ. അതിനപ്പുറം പോകാന്‍ കഴിയില്ല. ഭക്ഷണത്തിനു സ്വന്തം വഴി കണ്ടാല്‍ ഇവിടെ പഠിക്കാം എന്ന് കണ്ണിയത്ത് ഉസ്താദ് പറഞ്ഞു. തന്റെ കൈയില്‍ ആകെയുള്ളത് 16 അണ. അതുകൊണ്ടു പഠനം തുടങ്ങാം എന്ന് കോയക്കുട്ടി ഉസ്താദ് തീരുമാനിച്ചു. അല്ലാഹു ഒരു മാര്‍ഗം കാണിച്ചു തരും. ദിവസവും രാവിലെയും വൈകുന്നേരവും പള്ളിയുടെ അടുത്ത കടയില്‍ നിന്നു കഞ്ഞി കുടിക്കും. ഒരു കഞ്ഞിക്ക് ഒരു അണ. അങ്ങനെ ഒരാഴ്ച ജീവിച്ചു. കൈയിലെ പണം തീര്‍ന്നു. പക്ഷേ, പടച്ചവന്‍ കൈവിട്ടില്ല. അവന്റെ വഴിയിലാണല്ലോ ഈ സഞ്ചാരം. പള്ളിയുടെ അടുത്ത് ഒരു ബിസ്‌കറ്റ് ഫാക്ടറിയുണ്ട്. അതിന്റെ ആള്‍ കോയക്കുട്ടി മുസ്‌ലിയാരോട് ദിവസവും അസ്വര്‍ നിസ്‌കാരത്തിനു ശേഷം അവിടെ വന്ന് മങ്കൂസ് മൗലിദും ബദ്ര്‍ മൗലിദും ഓതാന്‍ പറഞ്ഞു. എന്നാല്‍ ബിസ്‌കറ്റും ചായയും കിട്ടും. പള്ളിയുടെ സമീപത്തുള്ള ആ ബിസ്‌കറ്റ് ഫാക്ടറിയില്‍ നിന്ന് നബിതിരുമേനിയുടെ സ്തുതികള്‍ ഈണത്തില്‍ ഉയര്‍ന്നു. അത് ആ വൈകുന്നേരങ്ങളെ നിര്‍വൃതിയിലാക്കി. ഒരു സൂഫീപണ്ഡിതന്റെ രൂപീകരണവും അല്ലലില്ലാതെ അതില്‍ ഇഴകിച്ചേര്‍ന്നു. രണ്ടുവര്‍ഷത്തോളം കോയക്കുട്ടി മുസ്‌ലിയാര്‍ അവിടെ പഠിച്ചു. പൊന്നാനിയില്‍ നിന്നു പ്രധാന കിതാബുകളെല്ലാം പഠിച്ചു. ശേഷം, മലപ്പുറം ജില്ലയിലെ കുഴിപ്പുറം പള്ളിയില്‍ മതാധ്യാപനം നടത്തിയിരുന്ന പ്രമുഖ പണ്ഡിതന്‍ ഒ.കെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ പോയി. ഒരു വര്‍ഷത്തെ പഠനത്തിനിടയില്‍ ജോലിയും ചെയ്തു. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തന്നെയാണ് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചത്. ഒതുക്കുങ്ങലില്‍ ഒരു ഖത്വീബിനെയും മുദരിസിനെയും വേണം. അതിനു തികഞ്ഞ ഒരാള്‍ കോയക്കുട്ടി മുസ്‌ലിയാരാണെന്ന് അവര്‍ക്കറിയാം. ഒരു റമദാനിന്റെ ഒരാഴ്ച മുന്‍പ് അവിടെ പോയി ഖുത്വുബ നിര്‍വഹിച്ചു. ജീവിതത്തിലെ ആദ്യ ഖുത്വുബ. പേടിച്ചും വിറച്ചും പ്രാര്‍ഥിച്ചുമായിരുന്നു അതിനുള്ള തയാറെടുപ്പ്. ഓതേണ്ട ഖുത്വുബ നേരത്തേ മന:പാഠമാക്കി. ഖുത്വുബ തുടങ്ങിയപ്പോഴേക്കും പേടിയെല്ലാം പോയി. നിസ്‌കാരത്തിനു ശേഷം വയളും പറഞ്ഞു. നാട്ടുകാര്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. റമദാനിനു ശേഷം മുദരിസായി അവിടെ തുടരണമെന്നും അവര്‍ പറഞ്ഞു. അന്ന് പള്ളിയിലെ മുദരിസുമാര്‍ക്കു മാത്രമാണ് ചോറ് കിട്ടിയിരുന്നത്. ബാക്കിയെല്ലാവര്‍ക്കും കഞ്ഞിയാണ്. അങ്ങനെ ആദ്യമായി ചോറു കഴിക്കാനുള്ള നിയോഗവും കോയക്കുട്ടി മുസ്‌ലിയാര്‍ക്ക് കൈവന്നു. രണ്ടു വര്‍ഷം ജോലിചെയ്തതിനു ശേഷം വീണ്ടും പഠിക്കാനുള്ള യാത്രയാരംഭിച്ചു. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജിലേക്കാണ് ഈ യാത്ര. ശൈഖ് ആദം ഹസ്രത്തിനെയും അബൂബക്കര്‍ ഹസ്രത്തിനെയും പോലുള്ള പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് ബാഖവി ബിരുദം നേടി. നാട്ടില്‍ വന്ന് തിരൂരങ്ങാടി വലിയ പള്ളിയില്‍ മുദരിസായി സേവനം ആരംഭിച്ചു. ഭൗതികതയെ തിരസ്‌കരിച്ചാല്‍ കൈവരുന്ന ജ്ഞാനത്തിന്റെ ഊര്‍ജത്തിലായിരുന്നു കോയക്കുട്ടി മുസ്‌ലിയാര്‍ ആയുസ് മുഴുവന്‍ ജീവിച്ചത്. ലളിതമായ ആ ജീവിതത്തില്‍ സത്യസന്ധതയും ആത്മാര്‍ഥതയും നിഷ്‌കളങ്കതയും മാത്രമേ കാണാനായിട്ടുള്ളൂ. എല്ലാം പറയാന്‍ എളുപ്പമാണ്. ജീവിതത്തില്‍ നടപ്പാക്കാനാണു ത്യാഗം ചെയ്യേണ്ടത്. ആ ത്യാഗമാണ് സൂഫിയായി ജീവിച്ച് കോയക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചത്. 56 വര്‍ഷമാണ് ഉസ്താദ് മുദരിസായത്. ജീവിതത്തില്‍ ആകെ ചെയ്ത ജോലിയും ഇതാണ്. പക്ഷേ ഒരിക്കല്‍ പോലും ജോലിക്കു ശമ്പളം പറഞ്ഞിട്ടില്ല. ചെയ്തതൊന്നും പണത്തിനു വേണ്ടിയല്ല. എല്ലാം അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി മാത്രം. രണ്ടോ മൂന്നോ മണിക്കൂര്‍ പ്രസംഗിച്ചാല്‍ അര ലക്ഷവും അതിനപ്പുറവും ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കിടയില്‍ ഉസ്താദ് ഒരു സൂര്യന്‍ തന്നെയാണ്. നന്മയുടെയും ആത്മാര്‍ഥതയുടെയും പ്രഭയൊഴുക്കുന്ന സൂര്യന്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരുടെ മുന്‍പിലും കൈകാണിക്കേണ്ടിയും വന്നിട്ടില്ല, ഉസ്താദിന്. ആരോടും കടം ചോദിക്കാതെയാണ് 82 വര്‍ഷത്തെ ആ ജീവിതം നമുക്കു മുന്‍പില്‍ നടന്നു പോയത്. ഇതൊക്കെ എങ്ങനെ കഴിയുന്നു എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍, എല്ലാം അല്ലാഹുവിന്റെ സഹായം എന്നാണ് ഉസ്താദ് പറഞ്ഞത്. ആവശ്യമുണ്ടായാല്‍ എന്തെങ്കിലും മാര്‍ഗം അല്ലാഹു കാണിച്ചുതരും. ഇതുവരെ കാര്യങ്ങള്‍ക്കൊന്നും ബുദ്ധിമുട്ടിയിട്ടില്ല. ഒരു വിഷമം ഉണ്ട്, ഒന്നു സഹായിക്കണം എന്ന് ഒരാളുടെ മുന്‍പിലും ഇതുവരെ പറയേണ്ടി വന്നിട്ടില്ല. ജോലിക്ക് കമ്മിറ്റിക്കാര്‍ എന്തെങ്കിലും തന്നാല്‍ വാങ്ങും. അല്ലെങ്കില്‍ കുഴപ്പവുമില്ല. ഇതായിരുന്നു ഉസ്താദിന്റെ നിലപാട്. കോയക്കുട്ടി മുസ്‌ലിയാര്‍ ആദ്യകാലം മുതല്‍ വയള് പറയുമായിരുന്നു. അന്ന്, റമദാനില്‍ ളുഹ്‌റ് മുതല്‍ അസ്വറ് വരെയായിരുന്നു വയളിന്റെ സമയം. പള്ളികളിലാണ് ഇതു നടക്കുക. മറ്റു കാലങ്ങളില്‍ രാത്രി ഇശാഅ് മുതല്‍ തുടങ്ങും. ചൂട്ടും കത്തിച്ചു നാട്ടുകാര്‍ വയള് കേള്‍ക്കാന്‍ വരും. 40 ദിവസമൊക്കെ നീണ്ടുനില്‍ക്കുന്ന വയള് ഒരേ സ്ഥലത്ത് ഒരേ സ്റ്റേജില്‍ ഉസ്താദ് പറഞ്ഞിട്ടുണ്ട്. ആദ്യം വിഷയത്തോടു ബന്ധപ്പെട്ട ആയത്തും ഹദീസും ഓതും. അതിനു ആവശ്യമായ ചരിത്രം പറയും. പിന്നെ മസ്അലകള്‍ പറയും. ഇതായിരുന്നു ഉസ്താദിന്റെ വയള് രീതി. വയള് കേട്ടാല്‍ നിലവിളിക്കാതെ ആരും പോകാറില്ല. ആഖിറത്തിന്റെ കാര്യം പറഞ്ഞാല്‍ കരയാന്‍ തുടങ്ങും. നാട്ടില്‍ ഒരു മാറ്റമുണ്ടാകും. നിസ്‌കരിക്കാത്ത ആളുകള്‍ നിസ്‌കരിക്കാന്‍ തുടങ്ങും. ഇപ്പോള്‍ എന്തു പറഞ്ഞാലും ആളുകള്‍ കരയില്ല എന്ന് ഒരിക്കല്‍ ഉസ്താദ് തന്നെ പറഞ്ഞിരുന്നു. ഗള്‍ഫ് പണത്തിന്റെ പത്രാസ് വരുന്നതിനു മുന്‍പു നാട്ടിലെ പള്ളികളും മദ്‌റസകളും മറ്റു മതസ്ഥാപനങ്ങളുമെല്ലാം ഉയര്‍ന്നതും നടന്നുപോയതും ഇത്തരം വയളുകളില്‍ നിന്നു കിട്ടിയിരുന്ന സംഭാവനകള്‍ കൊണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഭാഗങ്ങളില്‍ മദ്‌റസകളുണ്ടാക്കാന്‍ ഏറെ കഷ്ടപ്പെട്ട ഒരാളാണ് ഉസ്താദ്. രാത്രി വയള് പറഞ്ഞും പകല്‍ പ്രവര്‍ത്തിച്ചുമാണ് ഉസ്താദിന്റെ നേതൃത്വത്തില്‍ മദ്‌റസകള്‍ ഉയര്‍ന്നത്. ജീവിതത്തിന്റെ എല്ലാ അലങ്കാരങ്ങളും ഉപേക്ഷിച്ച ഉസ്താദ് ത്യാഗത്തിന്റെ പൂര്‍ണത, പ്രവര്‍ത്തിച്ചും വിയര്‍പ്പൊഴുക്കിയും കാണിച്ചു. അതു തന്നെയായിരുന്നു ഉസ്താദിന്റെ സന്ദേശം. പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെയും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരുടെയും ആത്മീയശിഷ്യത്വത്തില്‍ ജീവിതത്തിന്റെ നേരുകളില്‍ വലിയ ബഹളങ്ങളുണ്ടാക്കാതെ ജീവിച്ച ഉസ്താദിന് ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. അത് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ മുഖമായിരുന്നു. അതില്‍ ഒരു കാപട്യം പോലും ഇരുള്‍ വീഴ്ത്തിയില്ല. ഒരു ജീവിയെ പോലും നോവിച്ചില്ല. പുറത്തൊന്നു പറഞ്ഞ് അകത്ത് വേറൊന്ന് ഒളിപ്പിച്ചില്ല. അടുത്തവരൊക്കെ ആ ജീവിതവലയത്തില്‍ അഭയം കണ്ടു. ജ്ഞാനത്തിന്റെ വഴിയില്‍ ഉസ്താദ് പൂര്‍ണനായിരുന്നു. ഭൗതികലോകത്തേക്കാള്‍ ഉത്തമമാണു പരലോകം എന്ന ഉള്‍വിളി സദാ നയിച്ച ജ്ഞാനി. മനുഷ്യനു മാലാഖയെക്കാള്‍ ഉയരാന്‍ കഴിയുന്ന നേരം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago