ആവശ്യത്തിന് അധ്യാപകരില്ല: വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു
റിപ്പണ്‍: റിപ്പണ്‍ ഗവ. ആര്.ഇ ഹൈസ്കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ലാതായതോടെ വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കി പ്രതിഷേധിച്ചു. ഓണപ്പരീക്ഷ കഴിഞ്ഞിട്ടും സ്കൂളില്‍ അധ്യാപകര്‍ എത്താതായതോടെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെ ആരംഭിച്ച സമരം ഉച്ചക്ക് 12നാണ് സമാപിച്ചത്. രാവിലെ സ്കൂളിലെത്തിയ പ്രധാനാധ്യാപകനെ പോലും സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ക്ലാസില്‍ കയറാതെ സ്കൂള്‍ കവാടത്തിലായിരുന്നു വിദ്യാര്‍ഥികളുടെ സമരം.
11 അധ്യാപകരുടെ ഒഴിവാണ് സ്കൂളില്‍ ആകെയുള്ളത്. യു.പി ക്ലാസുകളിലാണ് അധ്യാപകരുടെ ഒഴിവ് കാര്യമായി ബാധിക്കുന്നത്. ആറ്, ഏഴ് ക്ലാസുകളില്‍ ആകെ രണ്ട് അധ്യാപകരാണുള്ളത്. ഇതില്‍ ഒരാള്‍ അവധിയിലുമാണ്. ഇപ്പോള്‍ ഒരു അധ്യാപകനാണ് ക്ലാസെടുക്കുന്നത്. 10-ാം ക്ലാസില്‍ പോലും രണ്ട് അധ്യാപകരുടെ ഒഴിവുണ്ട്. വിദ്യാര്‍ഥികളുടെ സമരത്തിന് പി.ടി.എ കമ്മിറ്റിയുടെയും പൂര്‍ണ പിന്തുണയുണ്ട്. വിവരമറിഞ്ഞ് രക്ഷിതാക്കളും സ്കൂളില്‍ എത്തിയിരുന്നു. പൊലിസെത്തിയെങ്കിലും വിദ്യാര്‍ഥികള്‍ ആദ്യം വഴങ്ങിയില്ല. തുടര്‍ന്ന് ഡി.ഡി.ഇ ഒഫിസില്‍ നിന്നുള്ള ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അധ്യാപകരെ നിയമിച്ചില്ലങ്കില്‍ സമരം വരും ദിവസങ്ങളിലും തുടരുമെന്ന് വിദ്യാര്‍ഥികളായ അതുല്യ, മിദ്ലാജ് എന്നിവര്‍ പറഞ്ഞു. നിലവില്‍ 350 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ ആവശ്യത്തിന് കെട്ടിടങ്ങളും ഇല്ല. 85 വിദ്യാര്‍ഥികള്‍ വരെ ഓരോ ക്ലാസിലും പഠിക്കുന്നുണ്ട്. സ്കൂളിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലങ്കില്‍ ഡി.ഡി.ഇ ഒഫിസില്‍ സമരം തുടങ്ങുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."