പരിയാരത്ത് സമരത്തില്‍ വീണ്ടും സംഘര്‍ഷം
തളിപ്പറമ്പ്: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നടപടിയില്‍ പ്രതിഷേധിച്ച് വലതുപക്ഷ വിദ്യാര്‍ഥി സംഘടനകളും യുവമോര്‍ച്ചാ പ്രവര്‍ത്തകരും പരിയാരം മെഡിക്കല്‍ കോളജിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
11.30 ഓടെ ഏമ്പേറ്റില്‍ നിന്നു പ്രകടനമായാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് ആരംഭിച്ചത്. സമരക്കാരെ കവാടത്തിനു മുന്നില്‍ പൊലിസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. ഇതേതുടര്‍ന്നു പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും മുകളില്‍ കയറുകയും ചെയ്തതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കില്ല. മാര്‍ച്ചിനിടെ മെഡിക്കല്‍ കോളജ് കവാടത്തില്‍ നിന്നു മാറി സംഘടിച്ചുനിന്ന സി.ഐ.ടി.യു പ്രവര്‍ത്തകരെ പിരിച്ചുവിടാനുള്ള പൊലിസിന്റെ ശ്രമം പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടാക്കി.
സമരം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എ്‌സ്.യു, എം.എസ്.എഫ് സംഘടനകളുടെ 100ഓളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഉച്ചയ്ക്കു 12.30ഓടെ പ്രകടനമായെത്തിയ അമ്പതോളം യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലിസ് ആശുപത്രി ഗേറ്റില്‍ തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാനും മെഡിക്കല്‍ കോളജിന് അകത്തേക്ക് ഇരച്ചുകയറാനും പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
ചൊവ്വാഴ്ച നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ ഡിവൈ.എസ്.പി സി അരവിന്ദാക്ഷന്‍, സി.ഐമാരായ എം.പി ആസാദ്, വി.വി രതീഷ്, ഇ.ടി സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."