സോളാര്‍: ആറ് കോടിയുടെ തട്ടിപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കമ്മിഷനില്‍
കൊച്ചി: സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 33 സോളാര്‍ കേസുകളില്‍ ആറ് കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതായി സോളാര്‍ കേസ് പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന് ഡിവൈ.എസ്.പി വി.അജിത് അന്വേഷണ കമ്മിഷന് ജസ്റ്റിസ് ജി.ശിവരാജന് മുന്‍പാകെ മൊഴി നല്കി. സരിതയ്ക്ക് ഉന്നതരുമായുള്ള ബന്ധം എസ്.ഐ.ടി പരിശോധിച്ചിരുന്നു.
ഉന്നതരുമായി ബന്ധമുണ്ടെന്ന് സരിത കക്ഷികളെ തെറ്റിദ്ധരിപ്പിച്ച് പണംതട്ടുന്ന രീതി ചില കേസുകളില്‍ പ്രയോഗിച്ചതായും ബോധ്യപ്പെട്ടിട്ടുണ്ട്. അതില്‍ കുറ്റുകൃത്യത്തിലേര്പ്പെട്ടിരുന്നുവെന്ന് ബോധ്യപ്പെട്ടവരുടെ ഫോണ്‍രേഖകള്‍ പ്രത്യേക അന്വേഷണസംഘം ശേഖരിക്കുകയും കോടതിയില്‍ സമര്‍പ്പിക്കുകയുംചെയ്തു.
എന്നാല്‍ ശേഖരിച്ച ഫോണ്‍ വിശദാംശരേഖകള് താന്‍ പരിശോധിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.
കേസുസംബന്ധിച്ച വിവരങ്ങള്‍ നല്കാന് കഴിഞ്ഞ വിസ്താരത്തില്‍ കമ്മിഷന് ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. ഒരു സ്റ്റേഷനില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഡിവൈ.എസ്.പി ആയി തുടരരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെന്ന് ലോയേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി.രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെ ഡിവൈ.എസ്.പി പറഞ്ഞു.
ഉത്തരവിനെപ്പറ്റി താന്‍ ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു കമ്മിഷന് മുന്‍പാകെ ഹാജരാക്കിയ ഉത്തരവിന്റെ കോപ്പി കണ്ടതിനെതുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ പ്രതികരണം.
കോട്ടയം ഡിവൈ.എസ്.പിയായി വി.അജിത് രണ്ട് വര്‍ഷത്തിലധികം തുടര്‍ന്നത് ഉന്നതരുടെ പ്രത്യേക താല്പര്യപ്രകാരമാണെന്ന് കമ്മിഷനില്‍ നേരത്തെ വാദം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."