തന്മാത്രാ യന്ത്രങ്ങളെ കണ്ടെത്തിയതിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം
സ്റ്റോക്‌ഹോം: ലോകത്തിലെ ഏറ്റവും ചെറിയ തന്മാത്രാ യന്ത്രങ്ങളെ കുറിച്ചുള്ള കണ്ടുപിടുത്തത്തിന് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. മൂന്നു രസതന്ത്രജ്ഞരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ജീന്‍ പിയറി സവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ജെ. ഫ്രേസര്‍ സ്റ്റോഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സ് ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബെര്‍ണാഡ് ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം. തന്മാത്രാ മെഷിനുകളുടെ ഘടനയും സംയോജനവും സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരമെന്ന് നൊബേല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
മുടി ഇഴകളെക്കാള്‍ ആയിരം മടങ്ങ് നേര്‍ത്ത മെഷിനുകളെ കുറിച്ചുള്ള പ്രബന്ധമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. നാനോ ടെക്‌നോളജിയിലും മനുഷ്യശരീരത്തില്‍ കാന്‍സര്‍ ചികിത്സയ്ക്ക് മരുന്നു പ്രയോഗിക്കാനും ഇവരുടെ കണ്ടുപിടുത്തം ഏറെ സഹായകമാകും. ക്രിത്രിമ പേശികളുടെ പ്രവര്‍ത്തനത്തിന് തന്മാത്രാ മെഷിനുകളുടെ കണ്ടുപിടുത്തം സഹായകരമാണ്. കംപ്യൂട്ടിങ് വികസന സാങ്കേതിക വിദ്യയിലും ഇത് ഉപയോഗിക്കാനാകും.
മെഷീനുകളുടെ ചെറുഘടനക്ക് രസതന്ത്രം നല്‍കിയ പുതിയ മാനത്തിന് നൊബേല്‍ സമ്മാനം നല്‍കുന്നതായി റോയല്‍ സ്വീഡിഷ് അക്കാദമി പ്രസ്താവനയില്‍ വ്യക്തമാക്കി. ഊര്‍ജത്തിനാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന, നിയന്ത്രണവിധേയമായ ചലനങ്ങളടങ്ങിയ തന്മാത്രകളുടെ രൂപീകരണമാണ് നൊബേലിന് അര്‍ഹരാക്കിയത്. സെന്‍സറുകള്‍, ഊര്‍ജ്ജ സംഭരണം എന്നിവയുടെ വികസനത്തില്‍ ഏറ്റവും പുതിയ സാധ്യതകള്‍ തേടുന്നവയാണ് തന്മാത്രാ യന്ത്രങ്ങള്‍. 1983ല്‍ ജീന്‍ പിയറി സവാഷാണ് തന്മാത്രാ മെഷീനിലെ ആദ്യപഠനം നടത്തിയത്. 1991ല്‍ ഫ്രേസര്‍ സ്റ്റോഡാര്‍ട്ട് റോടെക്‌സേന്‍ വികസിപ്പിച്ചത് നിര്‍ണായകമായി. 1999ല്‍ ബെര്‍ണാഡ് ഫെരിംഗ ഒരു തന്മാത്രാ മോട്ടോര്‍ നിര്‍മിച്ചു ഈ രംഗത്ത് വന്‍കുതിപ്പ് നടത്തി. 2011 ല്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പ് തന്മാത്രാ സാങ്കേതിക വിദ്യ കാര്‍ നിര്‍മാണത്തിലും ഉപയോഗിച്ചിരുന്നു. 100 വര്‍ഷം മുമ്പ് റൈറ്റ് സഹോദരങ്ങള്‍ നടത്തിയ കണ്ടുപിടുത്തമാണ് ഇന്നത്തെ ബോയിങ് വിമാനങ്ങളുടെ പിന്നിലെന്ന് ഓര്‍ക്കണമെന്നും നൊബേല്‍ ജേതാക്കള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."