ഒരിക്കല്‍ കൂടി സിനിമാ തിയറ്ററില്‍ അവര്‍ സിനിമ കണ്ടു
കൊടുങ്ങല്ലൂര്‍: വയസ്സാംകാലത്ത് ആ ആഗ്രഹം നടക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അവര്‍ ഇരുപത് പേര്‍ക്കും അത് ജീവിതത്തിലെ നല്ല നിമിഷങ്ങളിലൊന്നായിരുന്നു. കാര്യം നിസാരമാണ്, പക്ഷെ അവരെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യം തന്നെയായിരുന്നു. ഒരിക്കല്‍ കൂടി സിനിമാ തിയേറ്ററില്‍ പോയി ഒരു സിനിമ കാണുക, അതായിരുന്നു അവരുടെ ആഗ്രഹം. ജീവിതത്തിന്റെ സായാഹ്നത്തില്‍ നടക്കാത്ത സ്വപ്നമായി മനസില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം അങ്ങനെ സഫലമായി. അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമ്മ വയോജന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇരുപതംഗ സംഘം സിനിമ കാണാന്‍ പുറപ്പെട്ടത്. പൊതുപ്രവര്‍ത്തകനായ അഡ്വ: പി.എച്ച് മഹേഷാണ് മുതിര്‍ന്നവരുടെ സിനിമാ കാണലിന് മുന്‍കൈ എടുത്തത്. കൊടുങ്ങല്ലൂരിലെ ശ്രീകാളീശ്വരി തിയ്യേറ്റര്‍ മാനേജ്മെന്റ് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്തതോടെ മുതിര്‍ന്നവര്‍ സിനിമാ കാണാന്‍ ഒരുങ്ങിയിറങ്ങി. ജീവിതത്തില്‍ ഇന്നേ വരെ സിനിമാ തിയേറ്ററിന്റെ ഉള്‍വശം കണ്ടിട്ടില്ലാത്തവരും ഇരുപത് വര്‍ഷം മുന്‍പ് അവസാനമായി തിയേറ്ററില്‍ സിനിമ കണ്ടവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."